
വിതുര: വിതുര - ചായം-ചെറ്റച്ചൽ റോഡിൽ അപകടങ്ങൾ തുടർക്കഥയാകുന്നു. വിതുര മുതൽ ചെറ്റച്ചൽ വരെയുള്ള ഭാഗത്താണ് കൂടുതൽ അപകടങ്ങൾ നടക്കുന്നത്. രണ്ട് മാസത്തിനിടയിൽ രണ്ട് പേരുടെ ജീവനാണ് അപകടത്തിൽ പൊലിഞ്ഞത്.11 ബൈക്കപകടങ്ങളും അരങ്ങേറി.17 പേർക്ക് പരിക്കേറ്റു. കഴിഞ്ഞയാഴ്ച രാത്രിയിൽ വിതുര കലുങ്ക് ജംഗ്ഷന് സമീപം കൊപ്പം കല്ലുവെട്ടാൻകുഴിയിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഫാൻസി കടയുടമയും വ്യാപാരിവ്യവസായി ഏകോപന സമിതി വിതുര യൂണിറ്റ് മുൻ ജനറൽ സെക്രട്ടറിയുമായ ഇ. ഷാജഹാൻ (56) മരണമടഞ്ഞു. കൂട്ടിയിടിച്ച ബൈക്കിൽ സഞ്ചരിച്ച യുവാവിനും പരിക്കേറ്റു. കഴിഞ്ഞ മാസം ചെറ്റച്ചൽ ഇടമുക്ക് ജംഗ്ഷന് സമീപം നടന്ന അപകടത്തിൽ നന്ദിയോട് പച്ച സ്വദേശി കുമാരപിള്ള (57) തത്ക്ഷണം മരിച്ചു. കുമാരപിള്ളക്കൊപ്പം സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന രതീഷിന് പരിക്കേൽക്കുകയും ചെയ്തു.
മരണം പതിവ്
വിതുര - ചെറ്റച്ചൽ-നന്ദിയോട് പാലോട് റോഡിൽ അപകടങ്ങൾ പതിവാകാൻ തുടങ്ങിയിട്ട് വർഷങ്ങളേറെയായി. ഒരു വർഷം മുൻപ് ചെറ്റച്ചൽ മരുതുംമൂടിന് സമീപം ദർപ്പയിൽ നടന്ന ബൈക്കപകടത്തിൽ വിതുര പൊലീസ് സ്റ്റേഷനിലെ കോൺസ്റ്റബിൾ മരിച്ചു. ഇതിന് മുൻപ് ഇവിടെ നടന്ന അപകടത്തിൽ തൊളിക്കോട് പുളിച്ചാമല സ്വദേശിയായ ഒരു യുവതിയും മരിച്ചു. നേരത്തെ മേലേകൊപ്പം ജംഗ്ഷനിൽ ഒരു വിദ്യാർത്ഥിയും അപകടത്തിൽ മരണമടഞ്ഞു. ചായം, ദർപ്പ മേഖലയിൽ അനവധി അപകടങ്ങൾ നടന്നിട്ടുണ്ട്.
ശ്രദ്ധവേണം
വിതുര, തൊളിക്കോട്, ആര്യനാട്, നെടുമങ്ങാട്, പാലോട് ഭാഗങ്ങളിലേക്കായി ആയിരങ്ങൾ കടന്നുപോകുന്ന പ്രധാന റോഡ് കൂടിയാണ് വിതുര - പാലോട് റോഡ്. അപകടങ്ങളും അപകടമരണങ്ങളും അനവധി അരങ്ങേറിയിട്ടും നടപടികൾ സ്വീകരിക്കാത്തതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നിട്ടുണ്ട്. പൊലീസിന്റെ സത്വര ശ്രദ്ധ ഇവിടെ പതിയണമെന്ന ആവശ്യവുമുണ്ട്.