kk

രാഷ്ട്രീയ നേതാക്കളുടെ വ്യക്തിവിവരങ്ങൾ എസ്.ഡി.പി.ഐ എന്ന സംഘടനയ്ക്ക് ചോർത്തി നൽകിയ സംഭവത്തിൽ കരിമണ്ണൂർ സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ പി.കെ. അനസിനെ സർവീസിൽ നിന്ന് പിരിച്ചുവിട്ടിരിക്കുകയാണ്. പൊലീസ് കൈകാര്യം ചെയ്യുന്ന കേസുകളിലെ വിവരങ്ങൾ ചോർന്നുപോകുന്നതും അതിന്റെ ഗുണം അനുഭവിക്കുന്നവരും ഏറെയാണ്. അത്തരം സംഭവങ്ങൾക്കിടയിലാണ് രാഷ്ട്രീയ നേതാക്കളുടെ വ്യക്തിഗത വിവരങ്ങൾ ചോർത്തിനൽകിയതിന്റെ പേരിൽ ഈ പൊലീസ് ഉദ്യോഗസ്ഥന് പണിപോയത്. വിശദമായ അന്വേഷണത്തിൽ സംശയാതീതമായി കുറ്റം തെളിഞ്ഞതിന്റെ ബോദ്ധ്യത്തിലാണ് നടപടി. വർഗീയത വളർത്തുന്ന ഫേസ്‌ബുക്ക് പോസ്റ്റിട്ട ഒരു കെ.എസ്. ആർ.ടി.സി ഡ്രൈവറെ എസ്.ഡി.പി.ഐ പ്രവർത്തകർ ആക്രമിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് അറസ്റ്റിലായ എസ്.ഡി.പി.ഐ പ്രവർത്തകനെ സഹായിക്കാൻ പൊലീസിന്റെ ഡേറ്റാ ബേസിൽനിന്നുള്ള വിവരങ്ങൾ അനസ് രഹസ്യമായി നൽകിയെന്നാണു കണ്ടെത്തിയത്. ഇതു മാത്രമല്ല പൊലീസിനു യോജിക്കാത്ത വിധമുള്ള നടപടികൾ വേറെയും ഇയാളുടെമേൽ ആരോപിക്കപ്പെട്ടിരുന്നു. വിവിധ പാർട്ടി നേതാക്കളെപ്പറ്റിയുള്ള വിവരങ്ങൾ പലപ്പോഴും ഇയാൾ ചോർത്തി നൽകിക്കൊണ്ടിരുന്നതായി അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്. ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററെ അവിടെനിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതിക്ക് കത്തയയ്ക്കാനും അനസ് മുതിർന്നു. പൊലീസുകാരനെന്ന നിലയിൽ ചെയ്യാൻ പാടില്ലാത്ത കാര്യങ്ങളാണിതെന്ന് പ്രത്യേകം പറയേണ്ടതില്ല. ഏതായാലും പൊലീസുകാരനായി തുടരാൻ അർഹനല്ലെന്നു കണ്ടെത്തിയ ആളെ സർവീസിൽ വച്ചുവാഴിക്കാതെ പറഞ്ഞുവിടാനുള്ള തീരുമാനം പലതുകൊണ്ടും നന്നായി. സേനാംഗങ്ങൾ അവശ്യം പുലർത്തേണ്ട ആർജ്ജവവും ചുമതലാബോധവും വിസ്മരിക്കുന്നവർക്കെല്ലാം പാഠമാകേണ്ടതാണ് ഈ നടപടി.

സേനയുടെ അന്തസിനും യശസിനും നിരക്കാത്ത ഏതു പ്രവൃത്തിയുടെ പേരിലും മാതൃകാപരമായ അച്ചടക്ക നടപടി എടുക്കാൻ സർക്കാരിന് അധികാരമുണ്ട്. ഗുരുതരമായ കേസുകളിൽ പോലും പലപ്പോഴും അതിനു മുതിരാറില്ലെന്നതാണു സത്യം. സേനയിൽ കൊടുംകുറ്റവാളികളുൾപ്പെടെ തൊള്ളായിരത്തിലധികം പേർ ക്രിമിനൽ പശ്ചാത്തലമുള്ളവരാണെന്നാണ് രേഖകൾ.

കേസുകളുമായി ബന്ധപ്പെട്ടതും അല്ലാത്തതുമായ രഹസ്യവിവരങ്ങൾ പൊലീസിൽ നിന്നു ചോർന്നുപോകുന്നത് അതിശയമൊന്നുമല്ല. ഉന്നതങ്ങളിൽ നിന്നുപോലും വിവരങ്ങൾ ചോരാറുണ്ട്. വിവരങ്ങൾ മാത്രമല്ല തെളിവുകളും തൊണ്ടികളുമൊക്കെ അപ്രത്യക്ഷമാകുന്നതും മാറ്റിമറിക്കപ്പെടുന്നതുമൊക്കെ സാധാരണ സംഭവങ്ങളാണ്. റെയ്‌ഡിനു പോകുന്ന പൊലീസ് സംഘങ്ങൾ വെറുംകൈയോടെ മടങ്ങേണ്ടിവരുന്നത് പൊലീസ് എത്തുന്ന വിവരം മുമ്പേ അവിടെ എത്തുന്നതുകൊണ്ടാണ്. ഇത്തരം ഏതെങ്കിലുമൊരു സംഭവത്തിൽ വിവരം ചോർത്തി നൽകിയവരെ തേടി ആരെങ്കിലും ചെന്നതായി കേട്ടിട്ടില്ല. പൊലീസുകാർക്കിടയിലും കടുത്ത രാഷ്ട്രീയ ചായ്‌വുള്ളവർ ധാരാളമുണ്ടെന്നുള്ളത് യാഥാർത്ഥ്യമാണ്. രാഷ്ട്രീയ ചിന്താഗതി വച്ചുപുലർത്തുന്നതിന്റെ പേരിൽ ആരെയും പുറത്താക്കാനുമാവില്ല. എന്നാൽ യൂണിഫോം അണിഞ്ഞുകഴിഞ്ഞാൽ പൊലീസിന്റെ നിലയ്ക്കും വിലയ്ക്കും നിരക്കാത്ത രീതിയിലുള്ള പെരുമാറ്റം ഉണ്ടാകാൻ പാടില്ല. രാഷ്ട്രീയ ചായ്‌വ് പ്രകടമാക്കുന്നതും പക്ഷപാതമായി പെരുമാറുന്നതും പൊലീസിന്റെ നിഷ്‌പക്ഷതയ്ക്ക് ചേരാത്ത നടപടിയാണ്. സേനാംഗങ്ങൾ നേരായ പാതയിലൂടെ തന്നെയാണോ സഞ്ചരിക്കുന്നതെന്നു പരിശോധിച്ച് ഉറപ്പുവരുത്തേണ്ടത് സേനാമേധാവികളുടെ ഉത്തരവാദിത്വമാണ്. രാഷ്ട്രീയ നേതാക്കളുടെ വ്യക്തിഗത വിവരങ്ങൾ മാത്രമല്ല പൊലീസിന്റെ പക്കലെത്തുന്ന ഏതു രേഖയുടെയും രഹസ്യം സൂക്ഷിക്കേണ്ടത് പൊലീസിന്റെ ധർമ്മമാണ് . രാഷ്ട്രീയ കൊലപാതകങ്ങളും ഏറ്റുമുട്ടലുകളും സംഘർഷവുമൊക്കെ പതിവായിക്കഴിഞ്ഞ സംസ്ഥാനത്ത് പൊലീസ് നിഷ്‌പക്ഷത വെടിഞ്ഞാലുണ്ടാകാവുന്ന ഭവിഷ്യത്ത് അതിഭയാനകമായിരിക്കും. പൊലീസിലിരുന്നുകൊണ്ട് വിവരങ്ങൾ ചോർത്തി നൽകുന്നവർ ആരായാലും കണ്ടെത്തിയാലുടൻ പുറത്താക്കുകയാണു വേണ്ടത്. കരിമണ്ണൂർ സ്റ്റേഷനിലെ പൊലീസുകാരനായിരുന്ന അനസിനെതിരായ നടപടി മാതൃകയാകുന്നത് അതുകൊണ്ടാണ്.