
തിരുവനന്തപുരം: പാട്ടത്തുക അടയ്‌ക്കാതെ കേരള ഹിന്ദുമിഷൻ കൈവശം വച്ചിരുന്ന 50 കോടിയോളം മതിപ്പുവില വരുന്ന സ്ഥലം റവന്യൂ അധികൃതർ ഒഴിപ്പിച്ചെടുത്തു. വഞ്ചിയൂർ വില്ലേജിൽ സെക്രട്ടേറിയറ്റിന് പിൻവശത്തുള്ള 36 സെന്റ് ഭൂമിയും കെട്ടിടങ്ങളുമാണ് കളക്ടറുടെ ഉത്തരവിൻപ്രകാരം എൽ.ആർ തഹസീൽദാർ ഷാജു എം.എസ്, ഡെപ്യൂട്ടി തഹസിൽദാർ രമേശ്, വഞ്ചിയൂർ വില്ലേജ് ഓഫീസർ പ്രഭാത് എന്നിവരുടെ നേതൃത്വത്തിൽ ഇന്നലെ ഒഴിപ്പിച്ചത്.
1935ലാണ് സ്ഥലവും കെട്ടിടങ്ങളും കേരള ഹിന്ദുമിഷന് സർക്കാർ പാട്ടത്തിന് നൽകിയിരുന്നത്. 1995ൽ പുതിയ ലീസ് വ്യവസ്ഥകൾ നിലവിൽവന്നു. എന്നാൽ ലീസിന് സ്ഥലം നിലനിറുത്താൻ ഹിന്ദു മിഷൻ അപേക്ഷ നൽകിയെങ്കിലും പാട്ടത്തുക ഒടുക്കിയില്ല. പിന്നീട് കെ.പി.എം.എസിന്റെയും ചില സ്വകാര്യ വ്യക്തികളുടെയും കൈവശമായിരുന്നു സ്ഥലവും കെട്ടിടങ്ങളും. പാട്ടത്തുക നൽകാത്തതിന്റെ പേരിൽ സ്ഥലം ഒഴിയാൻ അധികൃതർ പലതവണ നോട്ടീസ് നൽകിയെങ്കിലും ഫലമുണ്ടായില്ല.
ഇതിനിടെ ഒരു വ്യക്തി ഒഴിപ്പിക്കലിനെതിരെ ഹൈക്കോടതിയെ സമീപിച്ചു. എന്നാൽ സർക്കാരിന് യുക്തമായ തീരുമാനമെടുക്കാമെന്ന ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് സ്ഥലം ഏറ്റെടുക്കാൻ ജില്ലാ കളക്ടർ നിർദ്ദേശിച്ചത്. ഇന്നലെ രാവിലെ സ്ഥലത്തെത്തിയ ഉദ്യോഗസ്ഥർ ഗേറ്റ് താഴിട്ട് പൂട്ടി.