photo1

പാലോട്: അട്ടപ്പാടിയിലെ ഗോത്രഭാഷയായ 'മുഡുക" ആദ്യമായി ഒരു മലയാള ചലച്ചിത്രത്തിൽ ഉപയോഗിക്കുകയും അട്ടപ്പാടി ഊരുകളിൽ നടക്കുന്ന ചൂഷണങ്ങളും അക്രമങ്ങളും പ്രമേയമാക്കി അവതരിപ്പിക്കുന്ന ത്രില്ലർ ചലച്ചിത്രമായ 'സിഗ്നേച്ചർ" പ്രേക്ഷകരിലേക്കെത്താൻ ഒരുങ്ങുകയാണ്. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മന്ത്രി സജി ചെറിയാൻ പ്രകാശനം ചെയ്തു.

പാരമ്പര്യ വിഷ ചികിത്സകനായ ഒരു ആദിവാസി യുവാവ്, തന്റെ ഭൂമികയിൽ തിന്മകൾക്കെതിരെ നടത്തുന്ന പോരാട്ടവും ആ പോരാട്ടങ്ങൾക്കൊപ്പം പ്രകൃതി നടത്തുന്ന അസാധാരണമായ ഇടപെടലും ചേർന്ന ഈ സിനിമ മനോജ്‌ പാലോടന്റെ സംവിധാന മികവിലൂടെയാണ് പൂർത്തിയാകുന്നത്. ആദിവാസികളുടെ ജീവിതം ദുരിതപൂർണമാക്കുന്ന 'ഇ - 117" എന്ന ഒറ്റയാനെ തളയ്ക്കാനുള്ള വനപാലകരുടെ ശ്രമങ്ങൾ ഉദ്യോഗജനകമായ കഥാ സന്ദർഭത്തിലേക്കാണ് സിനിമയെ കൊണ്ടുപോകുന്നതെന്ന് സംവിധായകൻ പറയുന്നു. അട്ടപ്പാടി അഗളി സ്കൂളിലെ അദ്ധ്യാപകനായ ഊരുമൂപ്പൻ തങ്കരാജ് സുപ്രധാനമായ ഒരു വേഷത്തിലെത്തുന്ന ചിത്രത്തിൽ കാർത്തിക് രാമകൃഷ്ണൻ (ബാനർഘട്ട ഫയിം), ടിനി ടോം, ആൽഫി പഞ്ഞിക്കാരൻ (ശിക്കാരി ശംഭു ഫെയിം), നഞ്ചിയമ്മ, ചെമ്പിൽ അശോകൻ, ഷാജു ശ്രീധർ, ബാലചന്ദ്രൻ ചുള്ളിക്കാട്, അഖില, നിഖിൽ തുടങ്ങിയ താരങ്ങൾക്കൊപ്പം 30ഓളം അട്ടപ്പാടിക്കാരും കഥാപാത്രങ്ങളാകുന്നുണ്ട്. സാഞ്ചോസ് ക്രിയേഷൻസിന്റെ ബാനറിൽ ലിബിൻ പോൾ അക്കര, ജെസി ജോർജ്, അരുൺ വർഗീസ് തട്ടിൽ എന്നിവർ നിർമിച്ച സസ്പെൻസ് ത്രില്ലറായ സിഗ്നേച്ചറിന്റെ കഥ തിരക്കഥ സംഭാഷണം ഫാ. ബാബു തട്ടിൽ സി.എം.ഐ ആണ് നിർവഹിച്ചിരിക്കുന്നത്.