
സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്നസുരേഷിന്റെ പുതിയ വെളിപ്പെടുത്തലുകളിൽ പിടിച്ചാണ് ഷാഫി പറമ്പിലിന്റെ നേതൃത്വത്തിൽ അടിയന്തരപ്രമേയ നോട്ടീസ് നൽകിയത്. അതിലൊരു ഗുരുതരസ്ഥിതിയില്ലെന്ന് തോന്നിയിട്ടാകാം, കോടതികളുടെ പരിഗണനയിലിരിക്കുന്ന വിഷയത്തിൽ നോട്ടീസ് പരിഗണിക്കാനാവില്ലെന്ന് സ്പീക്കർ എം.ബി. രാജേഷ് കർക്കശക്കാരനായി. സാഹചര്യങ്ങളുടെ സമ്മർദ്ദത്താൽ ഏത് പ്രതിപക്ഷവും കടുംകൈ ചെയ്യുമെന്നതിനാൽ അവർ ചീറ്റപ്പുലികളായി നടുത്തളത്തിലേക്ക് കുതിച്ചു.
പ്രതിപക്ഷനേതാവിന് മൈക്ക് കൊടുക്കാതെ സ്പീക്കർ അടുത്ത അജൻഡയിലേക്ക് പോയി. അംഗങ്ങൾ കൂട്ടത്തോടെ ഇറങ്ങിവന്നതിനാലാണ് മൈക്ക് നിഷേധിച്ചതെന്ന സ്പീക്കറുടെ നിഷ്കളങ്കതയിൽ അലിഞ്ഞ് നടുത്തളത്തിലെ പുലികൾ അനുസരണയുള്ള ആട്ടിൻകുട്ടികളായി ഇരിപ്പിടത്തിലേക്ക്. മത്സ്യത്തൊഴിലാളികളുടെ മണ്ണെണ്ണ വിഹിതത്തിലെ കുറവിനെപ്പറ്റി പി.പി. ചിത്തരഞ്ജന്റെ ശ്രദ്ധക്ഷണിക്കൽ പ്രമേയത്തിന് മന്ത്രി സജി ചെറിയാൻ മറുപടി വായിച്ച് തീരും വരെ അവർ കാത്തിരുന്നു.
ഓണത്തിനിടയിലെ പുട്ടുകച്ചവടമെന്ന പ്രതീതിയുണ്ടായിരുന്നു വായനയ്ക്കെങ്കിലും പ്രതിപക്ഷം ക്ഷമയുടെ നെല്ലിപ്പലക കാണാനും ഒരുക്കമായിരുന്നു. മൃഗീയ ഭൂരിപക്ഷമുപയോഗിച്ച് പ്രതിപക്ഷശബ്ദത്തെ അടിച്ചമർത്തുകയാണെന്ന് മൈക്ക് കിട്ടിയ സതീശൻ വേപഥുപൂണ്ടു. മധുരകാമരാജൻ കഥകളോ പൈങ്കിളിക്കഥകളോ പറയാനല്ല അടിയന്തരപ്രമേയം കൊണ്ടുവന്നതെന്നാണ് അദ്ദേഹത്തിന്റെ പക്ഷം.
സ്പീക്കറുടെ മനമലിഞ്ഞില്ല. മുദ്രാവാക്യവുമായി പ്രതിപക്ഷം നടുത്തളത്തിലേക്ക് ചാടി. പത്തുമിനിറ്റ് പിന്നിട്ടപ്പോൾ ഏതോ ഉൾപ്രേരണയാൽ 'ഡോളർക്കടത്ത് കേസിൽ മുഖ്യമന്ത്രി മൗനം വെടിയണം' എന്നെഴുതിയ ബാനർ സ്പീക്കറുടെ മുഖത്തിന് നേരേ പ്രതിപക്ഷം പൊക്കിപ്പിടിച്ചു. പ്രകോപിതനായ സ്പീക്കർ എഴുന്നേറ്റു. ഭരണപക്ഷത്തെ പിൻനിരക്കാർ നടുത്തളത്തിനടുത്തേക്ക് ഓടിയടുത്തു. സർവം ബഹളമയം. സ്പീക്കർ എഴുന്നേറ്റുപോയി. അരമണിക്കൂറിനുശേഷം സഭ പുനരാരംഭിച്ചപ്പോൾ അവകാശങ്ങൾ നിഷേധിച്ചെന്നാരോപിച്ച് പ്രതിപക്ഷം ബഹിഷ്കരിച്ചു.
നന്ദിപ്രമേയ ചർച്ചയ്ക്കിടെ വൈദ്യുതിബോർഡ് ചെയർമാനെ കുത്തിമലർത്തുകയും വൈദ്യുതിമന്ത്രിയെ നിലംപരിശാക്കുകയും ചെയ്ത എം.എം. മണിയായിരുന്നു പ്രതിപക്ഷമില്ലാത്ത സഭയിലെ പരാക്രമി. വൈദ്യുതിബോർഡ് ചെയർമാന്റെ വെളിപ്പെടുത്തലിന്റെ പേരിൽ കഴിഞ്ഞദിവസം പ്രതിപക്ഷമുയർത്തിയ ആരോപണമാണ് പ്രകോപനം. ഫേസ്ബുക്കിൽ പോസ്റ്റിട്ടിട്ട് അത് പിൻവലിച്ചെന്ന് പറഞ്ഞ ചെയർമാന്റേത് ഒരുമാതിരി മോശം പണി കാണിച്ചിട്ട് പിൻവലിച്ചെന്ന് പറയുംപോലെയാണെന്ന് മണി പറഞ്ഞു. അതിന് മലയാളഭാഷയിൽ പദമുണ്ടത്രേ. അൺപാർലമെന്ററി ആയതിനാൽ പറയാതിരിക്കാനദ്ദേഹം ഔദാര്യം കാട്ടി. അറിഞ്ഞില്ലെന്ന് കൈകഴുകിയ മന്ത്രി അറിഞ്ഞുകൊണ്ടാണ് പോസ്റ്റെങ്കിൽ പരിതാപകരമാകും എന്നൊരു മുന്നറിയിപ്പുമുണ്ടായി. ഇതോടെ 'ഞാനും ആശാനും' എന്ന കൊച്ചിൻഹനീഫയുടെ സിനിമാ ഭാവത്തിലേക്ക് മന്ത്രി കൃഷ്ണൻകുട്ടി വഴുതിമാറി.
സർക്കാരിന്റെ വികസനസ്വപ്നങ്ങൾ, പ്രതിപക്ഷത്തോടുള്ള പുച്ഛം, പരിഹാസം എന്നിവയെല്ലാം ചേരുംപടി ചേർത്ത് ഒരുമണിക്കൂറും ആറ് മിനിറ്റുമെടുത്താണ് മുഖ്യമന്ത്രി നന്ദിപ്രമേയചർച്ചയ്ക്ക് മറുപടി പറഞ്ഞത്. നവകേരളത്തോടൊപ്പം നമ്മുടെ നാട് സന്തോഷ കേരളവുമാകണമെന്ന വലിയ ആഗ്രഹവും പങ്കുവച്ച് പ്രതീക്ഷാനിർഭരനായി അദ്ദേഹമിരുന്നു.