
തിരുവനന്തപുരം: ഹൈഡൽ ടൂറിസം പദ്ധതിക്ക് തന്റെ മരുമകൻ കുഞ്ഞുമോൻ അദ്ധ്യക്ഷനായ സഹകരണസംഘത്തിന് ഇടുക്കിയിൽ കെ.എസ്.ഇ.ബി ഭൂമി ക്രമരഹിതമായി നൽകിയെന്ന ആക്ഷേപം മുൻ മന്ത്രി എം.എം. മണി നിയമസഭയിൽ നിഷേധിച്ചു. വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടിയേയും അദ്ദേഹം രൂക്ഷമായി വിമർശിച്ചു. ഇതുമായി ബന്ധപ്പെട്ട് ഉൾപ്പെടെ കെ.എസ്.ഇ.ബി ചെയർമാന്റെ ഫേസ് ബുക്ക് പോസ്റ്റ് മന്ത്രി അറിയാതെയാണെന്നാണ് പറയുന്നത്. മന്ത്രി അറിഞ്ഞുകൊണ്ടാണെങ്കിൽ പരിതാപകരമായേനെ. ഇത്തരക്കാരെ നിറുത്തേണ്ടിടത്ത് നിറുത്തണം. ആണുങ്ങൾ ഇരിക്കേണ്ടിടത്ത് ഇരിക്കണം. അല്ലെങ്കിൽ അവിടെ മറ്റെന്തെങ്കിലും കയറിയിരിക്കുമെന്നായിരുന്നു വിമർശനം.
ചെയർമാൻ ആക്ഷേപങ്ങളുന്നയിച്ച് ഫേസ് ബുക്കിൽ പോസ്റ്റിട്ടു. പിന്നീടത് പിൻവലിച്ചു. മോശംപണി കാണിച്ച ശേഷം പിൻവലിച്ചിട്ട് കാര്യമുണ്ടോ. അതിനെകുറിച്ച് പറഞ്ഞാൽ മോശംവാക്കായി പോകും. ഭൂമി നൽകിയകാലത്ത് കമലയായിരുന്നു സഹകരണ സംഘത്തിന്റെ പ്രസിഡന്റ്. പിന്നീടാണ് കുഞ്ഞുമോൻ തിരഞ്ഞെടുക്കപ്പെട്ടത്. യു.ഡി.എഫ് ഭരണകാലത്ത് വ്യക്തികൾക്കാണ് പദ്ധതിയനുസരിച്ച് ഭൂമി നൽകിപോന്നത്. താൻ മന്ത്രിയായിരുന്നപ്പോഴാണ് സഹകരണ സംഘങ്ങൾക്ക് മാത്രം നൽകിയാൽ മതിയെന്ന് തീരുമാനിച്ചത്. അതിന് നിയമവ്യവസ്ഥയുണ്ടായിരുന്നു. അതിലൊന്നും അഴിമതിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ആരോപണങ്ങൾ ഊർജ സെക്രട്ടറി
അന്വേഷിക്കും: കെ.കൃഷ്ണൻകുട്ടി
ഹൈഡൽ ടൂറിസം പദ്ധതിയുമായി ബന്ധപ്പെട്ടുൾപ്പെടെ കെ.എസ്.ഇ.ബിക്കെതിരെ സഭയിൽ ഉന്നയിക്കപ്പെട്ട ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കാൻ ഉൗർജ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയെ ചുമതലപ്പെടുത്തിയതായി മന്ത്രി കെ.കൃഷ്ണൻകുട്ടി മറുപടി നൽകി. കെ.എസ്.ഇ.ബിയുടെ ഭൂമി ഫുൾ ബോർഡിന്റെ അനുമതികൂടാതെ ചിലയിടങ്ങളിൽ 2015മുതൽ വ്യവസായങ്ങൾക്ക് പാട്ടത്തിന് നൽകിയതും അന്വേഷിക്കും. ട്രാൻസ്ഗ്രിഡ് പദ്ധതിയിലെ കരാറുകളിൽ അടങ്കൽ തുക ഉയർത്തിയത് അഴിമതിക്ക് വഴിവച്ചുവെന്ന ആരോപണം മന്ത്രി തള്ളി. ഗുണനിലവാരം ഉയർത്താനും നിർവഹണശേഷി കൂടുതലുള്ള കമ്പനികളെ ഉൾപ്പെടുത്താനുമാണ് അടങ്കൽതുക കൂട്ടിയത്. ഇത് ക്രമക്കേടായി കാണാനാവില്ല.
സൂപ്പർ ന്യൂമററി തസ്തികകൾ സൃഷ്ടിച്ച് നിയമനം നൽകാമെന്ന് ഹൈക്കോടതി മുമ്പാകെ സത്യവാങ്മൂലം സമർപ്പിക്കാനിടയായ സാഹചര്യത്തെക്കുറിച്ച് അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കും. ശമ്പളപരിഷ്‌കരണം സംബന്ധിച്ച് അക്കൗണ്ടന്റ് ജനറലിന്റെ പരാമർശവും അനുമതിയില്ലാതെ ഔദ്യോഗികവാഹനം സ്വകാര്യ ആവശ്യത്തിന് ഉപയോഗിച്ചതും പരിശോധിക്കും.