
തിരുവനന്തപുരം: സ്വകാര്യ വ്യക്തികളിൽ നിന്ന് ഭൂമി വാങ്ങി വിമാനത്താവളം വികസിപ്പിക്കാനൊരുങ്ങുന്ന അദാനി ഗ്രൂപ്പിന് മുന്നിൽ വെല്ലുവിളികളേറെ. അടിസ്ഥാനസൗകര്യ വികസനത്തിലടക്കം വൻ മാറ്റങ്ങളാണ് വിമാനത്താവളത്തിന് വേണ്ടത്. ഇതെങ്ങനെ നടപ്പിലാക്കുമെന്നതാണ് പ്രധാന വെല്ലുവിളി. റൺവേയുടെ ഇരുവശങ്ങളിലും 150 മീറ്റർ വീതിയിലും തടസങ്ങളില്ലാതെയും ബേസിക് സ്‌ട്രിപ്പ് വേണമെന്ന നിബന്ധന റൺവേയുടെ ഓൾ സെയിന്റ്‌സ് കോളേജിന് സമീപമുള്ള ഭാഗത്ത് പാലിക്കുന്നില്ല. ഇക്കാര്യത്തിൽ ഡയറക്‌ടർ ജനറൽ ഒഫ് സിവിൽ ഏവിയേഷൻ നൽകിയിരിക്കുന്ന ഇളവ് അടുത്തവർഷം ഡിസംബർ 31ന് അവസാനിക്കും. വിമാനത്താവളത്തിന്റെ വിപുലീകരണത്തിന്റെ ഭാഗമായി പുതിയ ബേകൾ നിർമ്മിക്കാൻ ഏകദേശം 18ഏക്കർ ഭൂമിയാണ് ഏറ്രെടുക്കേണ്ടത്.
മഴമൂലം ആന്റിനയ്‌ക്ക് കേടുപാടുകളുണ്ടായത് കാരണം 2020 പകുതി മുതൽ വിമാനത്താവളത്തിലെ പ്രൈമറി, സെക്കൻഡറി റഡാറുകൾ ഉപയോഗിക്കാൻ കഴിയുന്നില്ല. എ.ഡി.എസ്-ബി എന്ന പുതിയ സാങ്കേതികവിദ്യയും കൊച്ചിയിൽ നിന്നുളള റഡാർ ഫീഡും ഫൈബർ ഒപ്‌ടിക് കേബിൾ വഴി ഉപയോഗിച്ചാണ് ഇപ്പോൾ വിമാനങ്ങൾക്ക് ദിശ കാണിക്കുന്നത്. എന്നാൽ ഈ സാങ്കേതികവിദ്യ റഡാറിന് പകരമാകില്ല. സുരക്ഷ വർദ്ധിപ്പിക്കുന്നതിനൊപ്പം കൂടുതൽ വിമാനങ്ങളെ കൈകാര്യം ചെയ്യാൻ സഹായിക്കുന്നതും റഡാറുകളാണ്.
മികച്ച കണക്‌ടിവിറ്റി വേണം
ഗൾഫ്,ജപ്പാൻ,യൂറോപ്പ്,അമേരിക്ക,സിംഗപ്പൂർ,ശ്രീലങ്ക,തായ്‌ലൻഡ്,മലേഷ്യ എന്നിവിടങ്ങളിലേക്ക് അന്താരാഷ്‌ട്ര സർവീസുകളും ഡൽഹി മുംബയ്,പൂനെ,ചെന്നൈ,ബംഗളൂരു,ഗോവ,കോയമ്പത്തൂർ,ഹൈദരാബാദ് എന്നിവിടങ്ങളിലേക്ക് ആഭ്യന്തര സർവീസുകളും കൂടുതൽ തുടങ്ങേണ്ടത് അത്യാവശ്യമാണ്. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്.
കോസ്റ്റ്‌ഗാർഡ് എയർ എൻക്ലേവ്
ആഭ്യന്തര ടെർമിനലിന്റെ ഇടതുവശത്ത് വിമാനത്താവളത്തിലെ ഇന്ത്യൻ കോസ്റ്റ്ഗാർഡ് എയർ എൻക്ലേവിന് വേണ്ടി ഭൂമി അനുവദിച്ചിട്ടുണ്ടെങ്കിലും ഇതുവരെയും തുടർനടപടികളുണ്ടായിട്ടില്ല. തെരച്ചിലിനും രക്ഷാപ്രവർത്തനങ്ങൾക്കുമായി ഇപ്പോൾ കൊച്ചിയിൽ നിന്നാണ് വിമാനങ്ങൾ വരുന്നത്.
ചുഴലിക്കാറ്റ് തകർത്ത ഹാംഗർ
ഓഖി ചുഴലിക്കാറ്റിൽ ശംഖുംമുഖം ടെക്‌നിക്കൽ ഏരിയയിലെ എയർഫോഴ്‌സ് ഹാംഗറിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. നേരത്തെ അവ്രോ വിമാനങ്ങൾ പാർക്ക് ചെയ്യാൻ ഈ സ്ഥലമാണ് ഉപയോഗിച്ചിരുന്നത്. ചുഴലിക്കാറ്റിനുശേഷം ഇവിടെ യാതൊന്നും പ്രവർത്തിക്കുന്നില്ല.ഇവിടെ 30 വർഷം പഴക്കമുള്ള ഉപയോഗശൂന്യമായ രണ്ട് വിമാനങ്ങൾ ഇപ്പോഴും കിടപ്പുണ്ട്.
കാർഗോ കോംപ്ലക്‌സ്
തിരുവനന്തപുരം വിമാനത്താവളത്തിലെ കാർഗോ കോംപ്ലക്‌സിൽ കൈകാര്യം ചെയ്യുന്ന ചരക്കിന്റെ തോത് വർഷംതോറും കുറഞ്ഞുവരികയാണ്. ആഭ്യന്തര ടെർമിനലിനെ മൊത്തമായും കാർഗോ കോംപ്ലക്‌സാക്കി മാറ്റാനാണ് അദാനി ഗ്രൂപ്പ് ആദ്യം പദ്ധതിയിട്ടിരുന്നത്. വികസനം സംബന്ധിച്ച മാർഗരേഖയിൽ ഇതുസംബന്ധിച്ച കൂടുതൽ വിവരങ്ങളുണ്ടാകുമെന്നാണ് സൂചന.
കൂടുതൽ വിമാനങ്ങൾ വരുമോ?
ചാക്കയിലെ ഹാംഗറിന്റെ ഒരേക്കർ സ്ഥലത്ത് എയർക്രാഫ്റ്റ് മെയിന്റനൻസ് യാർഡ് ആരംഭിക്കാൻ പദ്ധതിയിട്ടിരുന്നു. അറ്റകുറ്റപ്പണികൾക്കായി നേവി പി - 8 വിമാനങ്ങൾ എത്തിക്കുകയായിരുന്നു ലക്ഷ്യം. ബോയിംഗ് 737 വിമാനങ്ങൾക്കാണ് നിലവിൽ ഹാംഗറുകൾ ഉപയോഗിക്കുന്നത്. എന്നാൽ ഇന്ത്യയിൽ ഉപയോഗിക്കുന്നതിൽ ഭൂരിപക്ഷവും എയർബസ് വിഭാഗത്തിൽപ്പെടുന്ന വിമാനങ്ങളാണ്. രണ്ടുതരം വിമാനങ്ങളും അറ്റകുറ്റപ്പണി നടത്താൻ കഴിയുംവിധം ഹാംഗറുകൾ നവീകരിച്ചാൽ ഇൻഡിഗോ,എയർഇന്ത്യ, എയർഏഷ്യ, ഗോഎയർ, വിസ്‌താര കമ്പനികളുടെ കൂടുതൽ വിമാനങ്ങൾ സർവീസ് നടത്താൻ തയ്യാറാകും.