
തിരുവനന്തപുരം: സ്വർണക്കള്ളക്കടത്ത് കേസ് പ്രതിയുടെ വെളിപ്പെടുത്തൽ നിയമസഭയിൽ ചർച്ച ചെയ്‌താൽ പുതിയ വിവരങ്ങൾ പുറത്തുവരുമെന്ന് സർക്കാർ ഭയപ്പെടുന്നതായി പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഭയമാണ് മുഖ്യമന്ത്രിയെ ഭരിക്കുന്നത്. ചർച്ചയെ അദ്ദേഹത്തിന് ഭയമാണ്. നിരപരാധിയാണെങ്കിൽ മറുപടി പറയാനുള്ള അവസരം മുഖ്യമന്ത്രിക്ക് ലഭിക്കും. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് നടന്ന കൊള്ളരുതായ്മകളും അഴിമതികളും ഒന്നൊന്നായി പുറത്തുവരും. കുറേക്കാലമായി ആരോപണങ്ങൾക്കുള്ള മുഖ്യമന്ത്രിയുടെ മറുപടി മൗനമാണ്.
സോളാർ കേസ് പ്രതിയുടെ വെളിപ്പെടുത്തലിൽ മുൻ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമെതിരെ സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ട സർക്കാരാണ് സ്വർണക്കടത്ത് വെളിപ്പെടുത്തലിൽ ചർച്ചയ്ക്ക് പോലും തയ്യാറാകാത്തത്. സ്വർണക്കടത്ത് വെളിപ്പെടുത്തലിനെ കുറിച്ച് നിയമസഭയിൽ പോലും സംസാരിക്കാൻ പാടില്ലെന്നത് ജനാധിപത്യ വിരുദ്ധവും ഇരട്ടത്താപ്പുമാണ്. തങ്ങളെ പ്രതിരോധത്തിലാക്കിയ പ്രതിയെ എങ്ങനെ ജയിലിലാക്കാമെന്ന ഗവേഷണത്തിലാണ് സർക്കാർ.
താൻ ജയിലിലായിരുന്നപ്പോൾ പുറത്തുവന്ന രണ്ട് ഓഡിയോ ടേപ്പുകളും മുഖ്യമന്ത്രിയുടെ ഓഫീസിലെ ഗൂഢാലോചനയുടെ ഭാഗമായി ജയിൽ ഉദ്യോഗസ്ഥരും പൊലീസും കൃത്രിമമായി തയ്യാറാക്കിയതാണെന്നാണ് പ്രതി വെളിപ്പെടുത്തിയത്. പ്രതി കസ്റ്റംസിന് നൽകിയ മൊഴിയിൽ മുഖ്യമന്ത്രി ഫോറിൻ കറൻസി കടത്തിയെന്ന ഗുരുതര ആരോപണമുണ്ട്. അതിന്റെ അടിസ്ഥാനത്തിൽ ഷോകോസ് നോട്ടീസ് നൽകിയത് കസ്റ്റംസ് ഡയറക്ടർ കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. ഇതിനു പിന്നാലെയാണ് കസ്റ്റംസിന്റെയും ഇ.ഡിയുടെയും അന്വേഷണങ്ങൾ നിലച്ചത്. തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് കേന്ദ്ര ബി.ജെ.പി നേതൃത്വവുമായി സി.പി.എം നടത്തിയ ഒത്തുതീർപ്പിന്റെ ഭാഗമായാണ് അന്വേഷണം നിലച്ചത്. അതുകൊണ്ടാണ് സത്യവാങ്മൂലം നൽകിയ കസ്റ്റംസ് ഡയറക്ടറെ സ്ഥലം മാറ്റിയതെന്നും സതീശൻ ആരോപിച്ചു.