kaikkara-kadve

വക്കം: കായിക്കര കടവിലെ പാലം നിർമ്മാണത്തോടനുബന്ധിച്ചുള്ള സാമൂഹിക പ്രത്യാഘാത പഠനത്തോടനുബന്ധിച്ചുള്ള പബ്ളിക് ഹിയറിംഗിൽ ആശങ്കകളും, ആവശ്യങ്ങളുമായി ഭൂ ഉടമകൾ. കായിക്കര ആശാൻ സ്മാരകത്തിൽ സംഘടിപ്പിച്ച ഹിയറിംഗിൽ ആറ്റിങ്ങൽ, ചിറയിൻകീഴ് നിയോജക മണ്ഡലത്തിലുൾപ്പെട്ട വക്കം - അഞ്ചുതെങ്ങ് പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ടി.എസ്. കനാലിലെ കായിക്കര പാലത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് ഏറ്റെടുക്കുന്ന ഭൂമിയുടെ വിവരങ്ങളും അനുബന്ധ കാര്യങ്ങളും പ്ലാനറ്റ് കേരളയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ ആന്റണി വിശദീകരിച്ചു. വക്കം വില്ലേജിലെ 10 വസ്തുക്കളും അഞ്ചുതെങ്ങ് വില്ലേജിലെ 33 വസ്തുക്കളും അടക്കം 43 വസ്തുക്കളിൽ നിന്നായി 2.4 ഏക്കർ ഭൂമി പാലം നിർമ്മാണത്തിനായി ഏറ്റെടുക്കേണ്ടിവരും. ഇതിൽ അഞ്ചുതെങ്ങ് ഹോമിയോ ആശുപത്രി സ്ഥിതി ചെയ്യുന്ന ഭൂമിയുടെ ഉടമ അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്താണ്. ബാക്കിയുള്ള 42 വസ്തുക്കളും സ്വകാര്യ വ്യക്‌തികൾക്കുള്ളതാണ്. ഭൂമി ഏറ്റെടുക്കുന്നവർക്കുള്ള നഷ്ടപരിഹാരതുക സമയബന്ധിതമായി നൽകുമെന്ന് ഡയറക്ടർ പറഞ്ഞു. എന്നാൽ ഭൂമിയുടെ വില സംബന്ധിച്ച് തീരുമാനമായില്ലെന്നും അദ്ദേഹം പറഞ്ഞു. ഏറ്റെടുക്കുന്ന ഭൂമിയിൽ, വീട്, മതിൽ, വൃക്ഷങ്ങൾ

തുടങ്ങി എല്ലാത്തിനും നഷ്ടപരിഹാരത്തിന് അർഹതയുണ്ട്. ഭൂമി ഏറ്റെടുക്കുമ്പോൾ തന്നെ വില ലഭിക്കുമോ, പുനരധിവാസ പദ്ധതിയുണ്ടോ, ഭൂമിയുടെ വില നിശ്ചയിക്കുന്നതിനുള്ള മാനദണ്ഡം, ഏറ്റെടുത്ത ഭൂമിയിൽ അവശേഷിക്കുന്ന ഉപയോഗശൂന്യമായ വസ്തു സർക്കാർ ഏറ്റെടുക്കുമോ, ചുറ്റുമതിൽ നിർമ്മാണം ആര് നടത്തും, പാലവും, അപ്രോച്ച് റോഡും വരുമ്പോൾ നിലവിലെ വീടുകൾ തറ നിരപ്പിലാണ്. ഇവിടെ സഞ്ചാരത്തിനായി സർവ്വീസ് റോഡുകൾ ഉണ്ടാകുമോ തുടങ്ങി നിരവധി സംശയങ്ങൾ വസ്തു ഉടമകൾ ഉന്നയിച്ചു. ഹിയറിംഗിൽ വസ്തു ഉടമകൾ നൽകിയ നിർദ്ദേശങ്ങൾ അടങ്ങിയ റിപ്പോർട്ട് ജില്ലാ കളക്ടറുടെ എക്സ്‌പെർട്ട് കമ്മിറ്റി പരിശോധിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. ഹിയറിംഗിൽ പദ്ധതിയുടെ സംഘാടകരായ കിഫ്ബി ഉദ്യോഗസ്ഥരും റവന്യൂ ഉദ്യോഗസ്ഥരും പങ്കെടുത്തു.