swapna-suresh

തിരുവനന്തപുരം: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്നാ സുരേഷിന്റെ പുതിയ വെളിപ്പെടുത്തലുകൾ അന്വേഷിക്കില്ലെന്ന സർക്കാർ നിലപാട് ചർച്ച ചെയ്യാൻ അനുമതി നൽകാത്തതിൽ പ്രതിഷേധിച്ച് നിയമസഭയിൽ പ്രതിപക്ഷ ബഹളം. ശൂന്യവേളയിൽ പ്രതിപക്ഷവും ഭരണപക്ഷവും നടുത്തളത്തിൽ ഇറങ്ങിയതിന് പിന്നാലെ അര മണിക്കൂർ സഭാ നടപടികൾ നിറുത്തിവച്ചു.

പ്രതിപക്ഷം ബാനർ ഉയർത്തി പ്രതിഷേധിച്ചതിൽ കുപിതനായി സ്പീക്കർ എം.ബി.രാജേഷ് സഭ വിട്ടു. സ്പീക്കറുടെ ഇത്തരത്തിലുള്ള ഇറങ്ങിപ്പോക്ക് അസാധാരണമാണ്. കക്ഷിനേതാക്കളുടെ ചർച്ചയ്ക്കൊടുവിൽ സഭ ചേർന്നെങ്കിലും പ്രതിപക്ഷം സഭാനടപടികൾ ബഹിഷ്കരിച്ചു.

സ്വർണക്കടത്ത് കേസന്വേഷണം അട്ടിമറിക്കാനും കേസിൽ സർക്കാരിന് പങ്കില്ലെന്ന് സ്ഥാപിക്കാനും മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയും പൊലീസും ചേർന്ന് ഗൂഢാലാചോന നടത്തിയെന്ന സ്വപ്നയുടെ വെളിപ്പെടുത്തൽ ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ഷാഫി പറമ്പിലാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. സ്വർണക്കടത്ത് കേസിൽ വിവിധ ഏജൻസികളുടെ അന്വേഷണം തുടരുകയാണെന്നും കോടതികളുടെ പരിഗണനയിലാണെന്നും സ്പീക്കർ എം.ബി അറിയിച്ചു. വിഷയത്തിന് അടിയന്തര പ്രാധാന്യമില്ലെന്ന് പറഞ്ഞ് ശ്രദ്ധക്ഷണിക്കലിലേക്ക് കടന്നതോടെ, പ്രതിപക്ഷം ബഹളവുമായി എഴുന്നേറ്റു. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പ്രസംഗിക്കാൻ എഴുന്നേ​റ്റെങ്കിലും സ്പീക്കർ മൈക്ക് അനുവദിച്ചില്ല. തൊട്ടുപിന്നാലെ ടി.സിദ്ദിഖ്, റോജി എം ജോൺ, പി.കെ ബഷീർ തുടങ്ങിയവരുടെ നേതൃത്വത്തിൽ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ചു.

ഇതിനിടെ പ്രതിപക്ഷനേതാവിന് മൈക്ക് അനുവദിച്ചു. സതീശൻ പറഞ്ഞു. സഭയിൽ ഒരുപാട് സ്പീക്കർമാർ വേണ്ട, ഒരാൾ മതിയെന്ന് സതീശൻ പറഞ്ഞു. . സ്വപ്നയുടെ വെളിപ്പെടുത്തലിലുള്ള വിഷയങ്ങൾ പൈങ്കിളിവത്കരിക്കുകയല്ല ഉദ്ദേശം. ഗൗരവമുള്ള വസ്തുതകൾ പറയാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇതോടെ, രാവിലെ 10.18ന് പ്രതിപക്ഷം ഒന്നടങ്കം നടുത്തളത്തിലേക്കെത്തി മുദ്രാവാക്യം വിളിച്ചു. 'ഡോളർ കടത്തുകേസിൽ മഖ്യമന്ത്രി മൗനം വെടിയുക' എന്നെഴുതിയ ബാനർ 10.26ന് പ്രതിപക്ഷം സ്പീക്കർക്ക് മുന്നിൽ ഉയർത്തിയതോടെ ഭരണപക്ഷ അംഗങ്ങളും നടുത്തളത്തിലേക്ക് കുതിച്ചു. ഭരണ-പ്രതിപക്ഷ അംഗങ്ങൾ മുഖാമുഖം നിന്ന് മുദ്രാവാക്യം മുഴക്കിയതോടെ സഭ ബഹളത്തിൽ മുങ്ങി. സ്പീക്കർ ഇരിപ്പിടത്തിൽ നിന്ന് എഴുന്നേ​റ്റ് ബാനർ മാ​റ്റാൻ ആവശ്യപ്പെട്ടെങ്കിലും പ്രതിപക്ഷം വഴങ്ങിയില്ല. പത്തരയോടെ സ്പീക്കർ സഭയിൽ നിന്നിറങ്ങിപ്പോയി. ഇതോടെ സഭാനടപടികൾ നിലച്ചു. ബഹളം ശമിച്ചു.

പിന്നീട് സ്പീക്കർ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും കക്ഷിനേതാക്കളുമായി നടത്തിയ ചർച്ചയിൽ സഭാനടപടികൾ പുനരാരംഭിക്കാൻ തീരുമാനിച്ചു. രാവിലെ11ന് സ്പീക്കർ സഭയിൽ മടങ്ങിയെത്തി. പ്രതിപക്ഷത്തിന്റെ അവകാശം നിഷേധിച്ചെന്ന് ചൂണ്ടിക്കാട്ടി സഭാനടപടികൾ ബഹിഷ്കരിക്കുകയാണെന്ന് വി.ഡി.സതീശൻ അറിയിച്ചു. മുദ്രാവാക്യം വിളികളുമായി പ്രതിപക്ഷ അംഗങ്ങൾ സഭ വിട്ടു. .