
തിരുവനന്തപുരം: പ്രതിപക്ഷ നേതാവിനെ നിയമസഭയിൽ സംസാരിക്കാൻ അനുവദിക്കാത്തത് ഭൂരിപക്ഷത്തിന്റെ ധാർഷ്ട്യമാണെന്നും എണ്ണം കുറവായ പ്രതിപക്ഷത്തെ ശബ്ദം കൊണ്ട് ഭരണപക്ഷം അടിച്ചമർത്തുകയാണെന്നും പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ നിയമസഭയിൽ പറഞ്ഞു. പ്രതിപക്ഷ നേതാവ് സംസാരിക്കുമ്പോൾ നിരന്തര ബഹളമുണ്ടാക്കും. ഇതിനായി ചിലർ ക്വട്ടേഷൻ എടുത്തുവന്നതുപോലെയാണ്.
വി.എസ്.അച്യുതാനന്ദനെപ്പോലെ പ്രഗത്ഭർ ഇരുന്ന കസേരയാണ് പ്രതിപക്ഷ നേതാവിന്റേത്. സഭയ്ക്ക് യോജിക്കാത്ത വിധം പ്രവർത്തിക്കുന്നവരെ മുഖ്യമന്ത്രി നിയന്ത്രിക്കുന്നില്ല. ധാർഷ്ട്യത്തിന്റെയും ധിക്കാരത്തിന്റെയും അഹങ്കാരത്തിന്റെയും പ്രതിഫലനമാണ് നിയമസഭയിൽ നടക്കുന്നത്. ജനാധിപത്യ വിരുദ്ധമായ കീഴ്‌വഴക്കങ്ങളോട് പ്രതിപക്ഷത്തിന് യോജിക്കാനാകില്ല.