
തിരുവനന്തപുരം: തീരപ്രദേശത്ത് വേലിയേറ്റ രേഖയിൽ നിന്ന് 50 മീറ്ററിനുള്ളിൽ താമസിക്കുന്ന മത്സ്യത്തൊഴിലാളികളെ മാറ്റിപ്പാർപ്പിക്കുന്ന പുനർഗേഹം പദ്ധതിയിൽ ഉൾപ്പെടാൻ 8053 പേർ കൂടി സർക്കാരിൽ സന്നദ്ധത അറിയിച്ചു. 10 ലക്ഷം രൂപയാണ് നൽകുന്നത്. കുടുംബംങ്ങൾ സ്ഥലം വാങ്ങി വീട് പണിയണം.
20,978 ഗുണഭോക്താക്കളെയാണ് സംസ്ഥാനത്തൊട്ടാകെ കണ്ടെത്തിയത്. ഇതിൽ 1092 പേർ ഭവന നിർമ്മാണം പൂർത്തിയാക്കി. 468 പേർക്ക് ഫ്ലാറ്റും നൽകി. 2981 പേർ വീടിന് ഭൂമി കണ്ടെത്തിയതിൽ 2208 പേർ രജിസ്ട്രേഷൻ നടത്തി. 12,925 പേർ ഇപ്പോഴും സന്നദ്ധ അറിയിച്ചിട്ടില്ല. ഇവരുമായി ചർച്ചകൾ നടക്കുന്നുണ്ട്.
2450 കോടി രൂപയുടെ പദ്ധതിയാണ് പുനർഗേഹം. 1398 കോടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും 1052 കോടി ഫിഷറീസ് വകുപ്പിന്റെ ബഡ്ജറ്റ് വിഹിതത്തിൽ നിന്നുമാണ് കണ്ടെത്തുന്നത്.
താക്കോൽ ദാനം മാർച്ചിൽ
250 ഭവനങ്ങളുടെ താക്കോൽ ദാനവും ഗൃഹപ്രവേശനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനവും മുഖ്യമന്ത്രി പിണറായി വിജയൻ മാർച്ച് എട്ടിന് അഞ്ചുതെങ്ങിൽ നിർവഹിക്കും. തിരുവനന്തപുരം (54), കൊല്ലം (50), ആലപ്പുഴ (48), എറണാകുളം (10), തൃശ്ശൂർ (35), മലപ്പുറം (17), കോഴിക്കോട് (12), കണ്ണൂർ (7), കാസർകോട് (17) എന്നിങ്ങനെയാണ് പൂർത്തിയായ വീടുകൾ.