
തിരുവനന്തപുരം :ലോകത്തിന്റെ എല്ലാ ഭാഗത്തെയും പോലെ , സംസ്ഥാനത്തിന്റെ നോട്ടവും ആശങ്കയും ആകുലതയുമെല്ലാം യൂറോപ്യൻ മേഖലയിലെ അശാന്തിയിലേക്കായി. യുക്രെയിൻ ലക്ഷ്യമാക്കി റഷ്യൻ യുദ്ധവിമാനങ്ങൾ ചീറുന്നതിന്റെയും കൂറ്റൻ ടാങ്കുകൾ പൊടിപാറിച്ച് ഇരമ്പുന്നതിന്റെയും ദൃശ്യങ്ങൾ ചാനലുകളിൽ തെളിഞ്ഞതോടെ എല്ലായിടത്തും ഉദ്വേഗം. ഏറെക്കാലമായി അല്പം ആലസ്യത്തിലായിരുന്ന സർക്കാർ ഓഫീസുകളിലെ അന്തരീക്ഷം പെട്ടെന്ന് ചൂടു പിടിച്ചു.
റഷ്യയെ വിമർശിച്ചും യുക്രെയിനോട് സഹതാപം കാട്ടിയുമൊക്കെ ഗ്രൂപ്പ് തിരഞ്ഞായി ചർച്ചകൾ. ചാനലുകളിലും സമൂഹ മാദ്ധ്യമങ്ങളിലും വരുന്ന സത്യവും അസത്യവും കലർന്നുള്ള പുത്തൻ വിവരങ്ങളെ അധീകരിച്ച് ചർച്ചകളുടെ സ്വഭാവവും മാറിമറിഞ്ഞു. ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും സ്ഥിതി മറിച്ചായില്ല. ആഹാരം കഴിക്കുമ്പോഴും ആൾക്കാരുടെ കണ്ണുകൾ ടി.വി.സ്ക്രീനിലായി. എല്ലാവർക്കും ചർച്ച ചെയ്യാൻ ഒറ്റ വിഷയം മാത്രം -യൂക്രെയിനെതിരായ റഷ്യയുടെ ആക്രമണം. അമേരിക്ക വിഷയത്തിൽ ഇടപെടുമോ?, ചൈന എന്തു നിലപാടെടുക്കും, ഇന്ത്യ ആർക്കൊപ്പം നിൽക്കും തുടങ്ങി ചർച്ചകൾ പലവിധ മുഖങ്ങളിലായി. പെട്രോൾ വില കുത്തനെ കൂടുമെന്ന് ചിലർ വിതുമ്പിയപ്പോൾ, സ്വർണ്ണവില കുത്തനെ കൂടുമെന്ന് ആശങ്കപ്പെട്ടവരുമുണ്ട്. വിദ്യാലയങ്ങളിലെ ക്ളാസുകളുടെ ഇടവേളകളിലെ അദ്ധ്യാപകരുടെ ചർച്ചയും എത്തിയത് യുദ്ധത്തിൽ .' പെട്രോളിന് ഇനി ഒരു നിയന്ത്രണവുമില്ലാതെ വിലകയറും' ഒരദ്ധ്യാപകന്റെ വിലാപം .