
തിരുവനന്തപുരം: യുദ്ധഭൂമിയിൽ നിന്ന് എങ്ങനെ മടങ്ങാൻ കഴിയുമെന്ന ആശങ്കയിലാണ് യുക്രെയിനിൽ കുടുങ്ങിയ മെഡിക്കൽ വിദ്യാർത്ഥി തിരുവനന്തപുരം കണിയാപുരം സ്വദേശി ഷാനു നാസർ. സുമി സ്റ്റേറ്ര് സർവകലാശാലയിൽ രണ്ടാം വർഷ വിദ്യാർത്ഥിയാണ് ഷാനു. അഞ്ഞൂറോളം ഇന്ത്യൻ വിദ്യാർത്ഥികളാണ് ഷാനുവിനൊപ്പമുള്ളത്.
ഇന്നലെ രാവിലെ വിമാനത്താവളത്തിലേക്ക് സർവകലാശാല ഏർപ്പാടാക്കിയ ബസിൽ നാട്ടിലേക്ക് മടങ്ങുന്നതിന്റെ ആശ്വാസത്തിൽ കയറിയതാണ്. ബസ് പകുതി വഴി എത്തിയപ്പോഴാണ് രണ്ടിടങ്ങളിൽ ഉഗ്ര സ്‌ഫോടനം നടന്നതറിയുന്നത്. ഇതോടെ ഞങ്ങളെ സർവകലാശാലയിൽ തിരിച്ചെത്തിച്ചു. അവിടെ നിന്ന് അകലെയുള്ള ഹോസ്റ്റലിൽ പോകാൻ ടാക്‌സി ഉൾപ്പെടെ ഉണ്ടായിരുന്നില്ല.
ഞങ്ങൾക്ക് മുമ്പേ വിമാനത്താവളത്തിലെത്തിയ സുഹൃത്തുക്കളെ സൈന്യം ഇറക്കിവിട്ടു. തൊട്ടുപിന്നാലെയാണ് വിമാനത്താവളം അടച്ചെന്ന വാർത്ത പരന്നത്. എല്ലാവരും പരിഭ്രാന്തിയിലാണ്. നിത്യോപയോഗസാധനങ്ങൾ വാങ്ങാൻ കടകൾക്ക് മുന്നിൽ വലിയ തിരക്കാണ്. ഭക്ഷണശാലകളെല്ലാം അടച്ചു. പാചകം ചെയ്യാനുള്ള സാധനങ്ങൾ സ്റ്റോക്ക് ചെയ്‌തിട്ടുണ്ട്.
വെള്ളത്തിന് കാര്യമായ ദൗർലഭ്യം നേരിടുന്നു. വൈദ്യുതി പ്രശ്‌നങ്ങളൊന്നുമില്ലെങ്കിലും ഇന്റർനെറ്റ് കണക്‌ഷൻ ഇടയ്‌ക്കിടെ നിശ്‌ചലമാകുന്നുണ്ട്. എ.ടി.എമ്മുകൾക്ക് മുന്നിൽ നീണ്ട ക്യൂ ആണ്. അക്കൗണ്ടിലെ പണം ഫ്രീസാക്കാൻ സാദ്ധ്യതയുണ്ടെന്നാണ് സംസാരം. എംബസി സഹായിക്കുമെന്നാണ് വിശ്വാസമെന്നും ഷാനു കേരളകൗമുദിയോട് പറഞ്ഞു.