
തിരുവനന്തപുരം: സംഘപരിവാർ നയങ്ങളെ നിരന്തരം വിമർശിക്കുന്ന കേരള ജനതയെ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ ഉപയോഗിച്ച് കേന്ദ്ര സർക്കാർ തമ്മിലടിപ്പിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു. ശരീഅത്തിനെ അധിക്ഷേപിക്കുന്ന ഗവർണ്ണറെ പദവി ഒഴിപ്പിച്ച് കേന്ദ്രം തിരിച്ചു വിളിക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം ഏകോപന സമിതിയുടെ നേതൃത്വത്തിൽ നടന്ന രാജ്ഭവൻ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭരണഘടനയോട് കൂറും ആദരവും പുലർത്തുന്നവർക്കാണ് ഭരണഘടനാ പദവികളിലിരിക്കാൻ അർഹത. ഭരണഘടനാപദവി ദുരുപയോഗം ചെയ്ത് അനാവശ്യ വിവാദങ്ങളുണ്ടാക്കി സമൂഹത്തെ ഭിന്നിപ്പിക്കാനുളള ശ്രമങ്ങളാണ് ഗവർണ്ണർ നടത്തുന്നത്. പ്രതിപക്ഷ നേതാവിന്റെയോ ഇസ്ലാമിക പണ്ഡിതരുടെയോ ഉത്തരവാദിത്വങ്ങളിൽ കൈകടത്താനോ ജനപ്രതിനിധികൾക്ക് മാർക്കിടാനോ ഗവർണ്ണർക്ക് അധികാരമില്ലെന്നും സതീശൻ പറഞ്ഞു. മുസ്ലിം ഏകോപന സമിതി ചെയർമാൻ പാച്ചല്ലൂർ അബ്ദുസ്സലീം മൗലവി അദ്ധ്യക്ഷതവഹിച്ചു. ജനറൽ കൺവീനർ മൗലവി നവാസ് മന്നാനി പനവൂർ, വി.എം. ഫത്തഹുദ്ദീൻ റഷാദി, കുറ്റിച്ചൽ ഹസൻ ബസരി മൗലവി, അഡ്വ. മുട്ടം നാസർ, പാനിപ്ര ഇബ്രാഹീം മൗലവി, സയ്യിദ് പൂക്കോയാതങ്ങൾ, മൗലവി മൻസൂറുദ്ദീൻ റഷാദി, സിയാദ് തൊളിക്കോട്, നാസർ മൗലവി, ഫൈറൂസി മൗലവി, ഹാഫിസ് സുലൈമാൻ മൗലവി, പൂവ്വച്ചൽ ഫിറോസ് ഖാൻ ബാഖവി എന്നിവർ പങ്കെടുത്തു.