തിരുവനന്തപുരം: വിദൂരവും ദുർഘടവുമായ പട്ടികവർഗ മേഖലകളിൽ നിന്നുള്ള വിദ്യാർത്ഥികളെ സ്‌കൂളുകളിലെത്തിക്കുന്നതിനുള്ള ' ഗോത്ര സാരഥി ' പദ്ധതി എല്ലാ ഗുണഭോക്താക്കളിലുമെത്തുന്ന കാര്യം ഉറപ്പുവരുത്തണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാർ നിർദ്ദേശിച്ചു. ഗോത്ര സാരഥി പദ്ധതിയെക്കുറിച്ചുള്ള അവലോകനത്തിനായി കളക്ടറേറ്റിൽ ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലയിലെ പനവൂർ, കള്ളിക്കാട്, ആര്യനാട്, പാങ്ങോട്, അമ്പൂരി, നന്ദിയോട്, പെരിങ്ങമ്മല, വിതുര, കുറ്റിച്ചൽ പഞ്ചായത്തുകളിലെ 33 സ്‌കൂളുകളിലായി 1,193 പട്ടികവർഗ വിദ്യാർത്ഥികളാണ് ഗോത്ര സാരഥി പദ്ധതിയുടെ ഗുണഭോക്താക്കൾ. പദ്ധതി കാര്യക്ഷമമായി നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് യോഗത്തിൽ ജില്ലാ ആസൂത്രണ സമിതിയുടെ മെമ്പർ സെക്രട്ടറി കൂടിയായ ജില്ലാ കളക്ടർ ഡോ.നവ്‌ജ്യോത് ഖോസ ആവശ്യപ്പെട്ടു. വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.