
ഡയബറ്റീസ് ഇൻസ്റ്റിറ്റ്യൂട്ടും നെഞ്ച് രോഗാശുപത്രിയും മന്ത്രി സന്ദർശിച്ചു
തിരുവനന്തപുരം : സംസ്ഥാനത്ത് 30വയസ് കഴിഞ്ഞവരിൽ ജീവിത ശൈലീരോഗ സർവേ ഉടൻ ആരംഭിക്കുമെന്ന് മന്ത്രി വീണാ ജോർജ് അറിയിച്ചു. പുലയനാർകോട്ടയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഡയബറ്റീസും നെഞ്ച് രോഗാശുപത്രിയും സന്ദർശിച്ച ശേഷമാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.18 വയസിന് മുകളിലുള്ള 24 ശതമാനത്തിലധികം പേർ പ്രമേഹ രോഗികളാണെന്നാണ് കണ്ടെത്തിയിട്ടുള്ളതെന്നും ജീവിതശൈലീരോഗങ്ങൾ കുറയ്ക്കുന്നതിന് സംസ്ഥാനം പ്രത്യേക പദ്ധതി നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
രണ്ട് സ്ഥാപനങ്ങളിലേയും ജീവനക്കാരുമായും രോഗികളുമായും മന്ത്രി സംസാരിച്ചു.ഡയബറ്റീസ് ഇൻസ്റ്റിറ്റ്യൂട്ടിലെ ഉദ്യോഗസ്ഥരുമായി മന്ത്രി ചർച്ച നടത്തുകയും വേണ്ട നിർദേശങ്ങൾ നൽകുകയും ചെയ്തു. അത്യാധുനിക സൗകര്യത്തോടെ പ്രവർത്തിക്കുന്ന ഡെക്‌സാ യൂണീറ്റ്, ലാബ്, പൊഡിയാട്രി എന്നിവിടങ്ങളിലെ പ്രവർത്തനം മന്ത്രി വിലയിരുത്തി. ദേശീയതലത്തിൽ ഐ.സി.എം.ആറും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഡയബറ്റീസും സംയുക്തമായി പ്രമേഹത്തെയും മറ്റ് ജീവിതശൈലീ രോഗങ്ങളെയും പറ്റി നടത്തിയ പഠനം മന്ത്രി ഡോക്ടർമാരുമായി ചർച്ച നടത്തി. നെഞ്ചുരോഗ ആശുപത്രിയുടെ വികസനത്തിനായി മാസ്റ്റർ പ്ലാൻ യാഥാർത്ഥ്യമാക്കാൻ ശ്രമിക്കുമെന്നും മന്ത്രി വ്യക്തമാക്കി. കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ, ഇന്ത്യൻ ഇൻസ്റ്റിറ്റിയൂട്ട് ഒഫ് ഡയബറ്റീസ് ഡയറക്ടർ ഡോ.ജബ്ബാർ, നെഞ്ച് രോഗാശുപത്രി സൂപ്രണ്ട് ഡോ.വനജ തുടങ്ങിയവർ മന്ത്രിക്കൊപ്പമുണ്ടായിരുന്നു.