
തിരുവനന്തപുരം: ദേശീയ ക്ഷീരവികസന ബോർഡിന്റെ അനുബന്ധസ്ഥാപനമായ നാഷണൽ കോപ്പറേറ്റീവ് ഡയറി ഫെഡെറേഷൻ ഒഫ് ഇന്ത്യ ലിമിറ്റഡ് (എൻ.സി.ഡി.എഫ്.ഐ) ഡയറക്ടർ ബോർഡിലേക്ക് മിൽമ ചെയർമാൻ കെ.എസ്. മണിയെ തിരഞ്ഞെടുത്തു. രാജ്യത്തെ ക്ഷീര സഹകരണ സംഘങ്ങളുടെ വളർച്ചയ്ക്കായി പ്രവർത്തിക്കുന്ന സ്ഥാപനമാണ് ഗുജറാത്തിലെ ആനന്ദ് കേന്ദ്രീകരിച്ചുള്ള ഡെയറി ഫെഡെറേഷൻ. ഗുജറാത്ത് കോപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡെറേഷൻ ചെയർമാൻ ശ്യാമൾ ഭായ് ബി. പട്ടേൽ, ഹരിയാന ഡയറി ഡെവലപ്‌മെന്റ് കോപ്പറേറ്റീവ് ഫെഡെറേഷൻ ചെയർമാൻ രൺധീർസിംഗ്, കർണാടക കോപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്സ് ഫെഡെറേഷൻ ചെയർമാൻ ബാലചന്ദ്ര എൽ ജറാക്കിഹോളി, കർണാടക കോപ്പറേറ്റീവ് ഓയിൽ സീഡ്സ് ഗ്രോവേഴ്സ് ഫെഡെറേഷൻ ഡയറക്ടർ വെങ്കട്ടറാവു നാദ ഗൗഡ എന്നിവരെയും ഭരണസമിതിയിലേക്ക് തെരഞ്ഞെടുത്തു. രണ്ട് വർഷമാണ് കാലാവധി. കൊവിഡ് പ്രതിസന്ധിയ്ക്കിടയിലും മിൽമയെ നേട്ടത്തിലേക്കു നയിച്ച പ്രവർത്തനമികവിനു പിന്നിൽ കെ.എസ്. മണിയുടെ ബിസിനസ് രംഗത്തെ ദീർഘകാല പരിചയവും മാനേജ്‌മെന്റ് പാടവവുമുണ്ട്.