
തിരുവനന്തപുരം: യുക്രെയിനിൽ നിന്ന് എത്താൻ കഴിഞ്ഞതിന്റെ ആശ്വാസത്തിലാണെങ്കിലും സുഹൃത്തുക്കൾ അവിടെ അകപ്പെട്ടതിന്റെ വേദനയിലാണ് വട്ടിയൂർക്കാവ് സ്വദേശിയായ കൃപ ശ്യാം. മെഡിക്കൽ പഠനം പാതിവഴിയിലാണ്. പരീക്ഷകൾ പടിവാതിൽക്കലെത്തി. മടങ്ങിവരാൻ കൊതിക്കുമ്പോഴും വിദ്യാർത്ഥികളെ ഈ ആശങ്ക അലട്ടുന്നുണ്ടെന്ന് കൃപ കേരളകൗമുദിയോട് പറഞ്ഞു.യുക്രെയിനിലെ സുമി സ്റ്റേറ്റ് സർവകലാശാലയിൽ മെഡിക്കൽ വിദ്യാർത്ഥിയാണ് കൃപ. വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങി 5 ദിവസം മുമ്പാണ് തിരിച്ചെത്തിയത്. നീ വെറുതെയാ വീട്ടിൽ പോകുന്നതെന്നാണ് സുഹൃത്തുക്കൾ പറഞ്ഞത്.
ഞാൻ അവിടെ നിന്ന് തിരിക്കുമ്പോൾ പ്രശ്‌നങ്ങൾ ഇല്ലായിരുന്നു. ഇപ്പോൾ, ടെലിവിഷനിൽ ഓരോ ദൃശ്യം കാണുമ്പോഴും ഹൃദയം പിടയുകയാണ്. ഒരു യുദ്ധം പ്രതീക്ഷിച്ചിരുന്നില്ല.
സുഹൃത്തുക്കളെ ഫോൺ വഴി ബന്ധപ്പെടുന്നുണ്ട്. ആശങ്കയോടെയാണ് പലരും സംസാരിക്കുന്നത്. എന്തു ചെയ്യണമെന്ന് അവർക്കാർക്കും അറിയില്ല. നാട്ടിലുളള അവരുടെ ബന്ധുക്കളെല്ലാം വിഷമത്തിലാണ്. എങ്ങനെയെങ്കിലും ഇന്ത്യയിലേയ്‌ക്ക് മടങ്ങിയെത്താനാണ് എല്ലാവരും ആഗ്രഹിക്കുന്നത്. ഇന്നലെ അതിനുളള ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. വിദ്യാർത്ഥികളെല്ലാം സുരക്ഷിതരാണെന്നും കൃപ പറഞ്ഞു.
യുക്രെയിനും റഷ്യയുമായുളള വിഷയങ്ങളെപ്പറ്റി അറിയാമായിരുന്നെങ്കിലും ഇത്തരമൊരു അപകടം വിദ്യാർത്ഥികളാരും പ്രതീക്ഷിച്ചിരുന്നില്ല.