kpcc

തിരുവനന്തപുരം: റഷ്യൻ ആക്രമണത്തെ തുടർന്ന് യുക്രെയിനിൽ കുടുങ്ങിക്കിടക്കുന്ന വിദ്യാർത്ഥികളടക്കമുള്ള മലയാളികളെ തിരികെ എത്തിക്കുന്നതിന് കെ.പി.സി.സി സാദ്ധ്യമായ എല്ലാ ശ്രമങ്ങളും നടത്തുമെന്ന് പ്രസിഡന്റ് കെ. സുധാകരൻ എം.പി അറിയിച്ചു.

ഇന്ത്യയിലേക്ക് മടങ്ങി വരാൻ ശ്രമിക്കുന്ന മലയാളികളുടെ പട്ടിക തയ്യാറാക്കുന്നതിനായി 'കേരളൈറ്റ്സ് ഇൻ യുക്രെയിൻ' എന്ന ഗൂഗിൾ ഫോമിന് കെ.പി.സി.സി രൂപം നൽകി. അപേക്ഷകൻ ഈ ഗൂഗിൾ ഫോം പൂരിപ്പിച്ച് പൂർണ്ണമായ വിവരങ്ങൾ നൽകണം. യുക്രെയിനിൽ കുടുങ്ങിക്കിടക്കുന്നവർക്കോ അവരുടെ ബന്ധുമിത്രാദികൾക്കോ ഈ ഫോം പൂരിപ്പിച്ച് വിവരങ്ങൾ നൽകാം. ഇന്ത്യക്കാരെ കൂട്ടമായി തിരികെ എത്തിക്കാൻ തീരുമാനിച്ചാൽ ഈ ഫോമിൽ നൽകിയ വിവരങ്ങൾ യുക്രെയിൻ കൈവിലെ ഇന്ത്യൻ മിഷന് കൈമാറും. യുക്രെയിനിലെ ഇന്ത്യൻ മിഷൻ, ന്യൂഡൽഹിയിലെ വിദേശകാര്യ മന്ത്രാലയം, എയർലൈൻ കമ്പനികൾ എന്നിവരുമായും നിരന്തര സമ്പർക്കം പുലർത്തിക്കൊണ്ടിരിക്കുകയാണ്. മലയാളികളെ സുരക്ഷിതമായി തിരികെ എത്തിക്കുന്നതിന് ആവശ്യമായ എല്ലാ സഹായങ്ങളും നൽകുമെന്നും സുധാകരൻ ഉറപ്പ് നൽകി.