pinarayi

തിരുവനന്തപുരം: കൊവിഡ് സാമഗ്രികൾ വാങ്ങിയതിൽ ക്രമക്കേടും അഴിമതിയുമുണ്ടെന്ന പ്രതിപക്ഷ ആരോപണം മുഖ്യമന്ത്രി പിണറായി വിജയൻ തള്ളി. കൊവിഡ് അസാധാരണ സാഹചര്യമായിരുന്നു. അത്തരം സാഹചര്യങ്ങളിൽ അടിയന്തരമായി ചെയ്യേണ്ടത് ജനങ്ങളുടെ സുരക്ഷയ്ക്ക് അനിവാര്യമായിരുന്നു. അതാണ് സർക്കാരും ആരോഗ്യവകുപ്പും ചെയ്തതെന്ന് നിയമസഭയിൽ നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദിപ്രമേയ ചർച്ചയ്ക്ക് മറുപടി നൽകവേ മുഖ്യമന്ത്രി പറഞ്ഞു.

കൊവിഡ് ഒന്നാംതരംഗ കാലത്ത് നിപ്പ പ്രതിരോധത്തിനായി വാങ്ങിയ സാമഗ്രികളാണ് ഉപയോഗിച്ചത്. രണ്ടാം തരംഗ കാലത്ത് പത്തുലക്ഷം പി.പി.ഇ കിറ്റ് വാങ്ങാൻ ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായ ദുരന്ത നിയന്ത്രണ കമ്മിറ്റിയാണ് മെഡിക്കൽ സർവീസസ് കോർപറേഷന് നിർദ്ദേശം നൽകിയത്. അത് ആരോഗ്യമന്ത്രിയുടെ മാത്രം തീരുമാനമല്ല. മുഖ്യമന്ത്രിയുൾപ്പെടെ എല്ലാവരും അറിഞ്ഞായിരുന്നു. ആ കാലത്ത് പി.പി.ഇ കിറ്റ് കിട്ടാനുണ്ടായിരുന്നില്ല. അതുകൊണ്ടാണ് 50 ശതമാനം തുക മുൻകൂർ നൽകിയാണെങ്കിലും ലഭ്യമാക്കാൻ ആവശ്യപ്പെട്ടത്.1550 രൂപ മുതൽ 1736 രൂപാവരെയായിരുന്നു വില. കൊവിഡ് ശമിച്ചപ്പോൾ വിലയും കുറഞ്ഞു. ഇതിൽ വ്യക്തി താത്പര്യമില്ല. സാൻഫാർമ ഇല്ലാത്ത കമ്പനിയല്ല. യൂറോപ്യൻ കമ്മിഷൻ അംഗീകാരമുള്ള അന്താരാഷ്ട്ര സ്ഥാപനമാണ്.

തെർമ്മൽ സ്കാനർ അക്കാലത്ത് കിട്ടാനുണ്ടായിരുന്നില്ല. അത്യാവശ്യത്തിന് 7500 രൂപാനിരക്കിൽ ആയിരം എണ്ണം മാത്രമാണ് വാങ്ങിയത്. ഗ്ളൗസിന്റെ സ്ഥിതിയും ഇതുപോലെയായിരുന്നു. 2.5 കോടി ഗ്ളൗസായിരുന്നു ആവശ്യം. കാരുണ്യഫാർമസിയ്ക്ക് ഒാർഡർ നൽകിയെങ്കിലും കിട്ടിയത് 50ലക്ഷം മാത്രം. പിന്നീട് പുറത്തുനിന്ന് 10.88രൂപയും ജി.എസ്.ടിയുമെന്ന നിരക്കിൽ സ്റ്റൈനിസ് ടെക്നോളജിയിൽ നിന്ന് വാങ്ങാൻ തീരുമാനിച്ചു. വിലകുറഞ്ഞ നൈട്രേൺ ഗ്ളൗസാണ് വാങ്ങിയത്. കൊവിഡ് ശമിച്ചുതുടങ്ങിയപ്പോൾ 7.84 രൂപയും ജി.എസ്.ടിയും കൊടുത്ത് 20ലക്ഷം ഗ്ളൗസ് വാങ്ങി.

കൊവിഡ് മരണം മറച്ചുവച്ചു എന്നൊക്കെ പറയുന്നതിൽ ഒരു അടിസ്ഥാനവുമില്ല. കേന്ദ്രസർക്കാർ നൽകിയ മാർഗ നിർദ്ദേശമനുസരിച്ചാണ് നിർണയിക്കുന്നത്. കൊവിഡ് സഹായം അപേക്ഷിക്കുന്നവർക്കെല്ലാം കൊടുക്കുന്നുണ്ട്. ചിലർ അപേക്ഷിക്കാൻ താത്പര്യം കാണിക്കുന്നില്ല എന്നേയുള്ളു.