തിരുവനന്തപുരം: സൂര്യ ഫെസ്റ്റിവലിന് ഭരതനാട്യത്തിന്റെ മിഴിവേകി നർത്തകി മഞ്ജു വി. നായർ. ഇന്നലെ ' ഭൗമി- സീതയുടെ ആരും പറയാത്ത കഥ ' എന്നതിനെ ആസ്‌പദമാക്കിയാണ് ഗണേശത്തിൽ പ്രൊഫഷണൽ ഭരതനാട്യം കലാകാരിയായ മഞ്ജുവും സംഘവും ഭരതനാട്യം അവതരിപ്പിച്ചത്.

രാമനാൽ ഉപേക്ഷിക്കപ്പെട്ട സീത ഭൂമിയോട് ലയിക്കുന്നതാണ് കഥാതന്തു. മണ്ഡോദരിയെയും ശൂർപ്പണഖയെയും അസുരഭാവങ്ങൾ ഇല്ലാതെ സീതയെ ഒപ്പംചേർക്കാൻ സന്നദ്ധരായ സ്ത്രീകളായാണ് അവതരിപ്പിച്ചിട്ടുള്ളത്. സൂര്യ ഫെസ്റ്റിവലിൽ മഞ്ജുവിന്റെ രണ്ടാമത്തെ വേദിയാണിത്. സീതയായി മഞ്ജു (മലപ്പുറം), ലക്ഷ്മണനായി കാർത്തിക് മണികണ്ഠൻ (ബംഗളൂരു), ശൂർപ്പണഖയായി അഞ്ചു അരവിന്ദ്, മണ്ഡോദരിയായി പദ്മപ്രിയ എന്നിവരാണ് അരങ്ങിലെത്തിയത്. ചെറുപ്പം മുതൽ നൃത്തം അഭ്യസിക്കുന്ന മഞ്ജു വി. നായർ നിരവധി അംഗീകാരങ്ങൾ നേടിയിട്ടുണ്ട്.