തിരുവനന്തപുരം: കഴിഞ്ഞ വർഷം ആറ്റുകാൽ ക്ഷേത്രത്തിലെ നഗരസഭ കൺട്രോൾ റൂമിൽ വനിതാ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറെ (ജെ.എച്ച്.ഐ) മറ്റൊരു വനിത ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ മർദ്ദിച്ചെന്ന പരാതി യൂണിയൻ സമ്മർദ്ദത്തിൽ നഗരസഭ ഒതുക്കിത്തീർത്തു. മർദ്ദിച്ച വനിത ജെ.എച്ച്.ഐക്ക് താക്കീത് മാത്രമാണ് നൽകിയത്.

2021ലെ ആറ്റുകാൽ ഉത്സവത്തിന്റെ ശുചീകരണത്തിന്റെ മേൽനോട്ടച്ചുമതലയുള്ള ഉദ്യോഗസ്ഥരെ ക്ഷേത്രത്തിൽ ഡ്യൂട്ടിക്കിടാറുണ്ട്. ഇതിൽ ശാസ്‌തമംഗലം ഹെൽത്ത് സർക്കിളിലെ ജീവനക്കാരിയും തിരുവല്ലം ഹെൽത്ത് സർക്കിളിലെ ജീവനക്കാരിയും തമ്മിലാണ് തർക്കമുണ്ടായത്.

തർക്കത്തിനിടെ തിരുവല്ലത്തെ ജെ.എച്ച്.ഐയെ ശാസ്‌തമംഗലത്തെ ജെ.എച്ച്.ഐ മുഖത്ത് ആഞ്ഞടിക്കുകയായിരുന്നു. അന്ന് സംഭവമറിഞ്ഞെത്തിയ ആറ്റുകാൽ കൗൺസിലർ ഉണ്ണിക്കൃഷ്ണനോട് മണക്കാട് ഹെൽത്ത് ഇൻസ്‌പെക്ടർ മോശമായി പെരുമാറിയെന്നും ആരോപണമുണ്ടായിരുന്നു.

കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും നടപടിയുണ്ടായില്ല. മർദ്ദനമേറ്റ വനിത ജെ.എച്ച്.ഐ അന്നുതന്നെ പരാതി നഗരസഭയ്ക്ക് നൽകിയിരുന്നു. മർദ്ദിച്ച ജെ.എച്ച്.ഐ ഭരണപക്ഷ യൂണിയനിൽപ്പെട്ട ആളായതുകൊണ്ട് പ്രശ്‌നം ഒതുക്കിത്തീർക്കാൻ അന്നുമുതൽ യൂണിയന്റെ സമ്മർദ്ദമുണ്ടായിരുന്നു. നഗരസഭയിൽ നിന്ന് അനുകൂല നടപടിയുണ്ടാകാത്തതിനാൽ പരാതിക്കാരി മനുഷ്യാവകാശ കമ്മീഷനിൽ പരാതി നൽകി. സെക്രട്ടറിയോട് എന്ത് നടപടിയെടുത്തെന്ന് റിപ്പോർട്ട് തേടിയപ്പോഴാണ് മർദ്ദിച്ചയാൾക്ക് താക്കീത് നൽകി പ്രശ്‌നം പരിഹരിച്ചെന്ന മറുപടി ലഭിച്ചത്. ഗുരുതരമായ കുറ്റമെന്ന് സെക്രട്ടറി തന്നെ റിപ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടും നടപടി താക്കീതിലൊതുക്കിയത് എന്തിനാണെന്ന ചോദ്യമാണ് ഉയരുന്നത്. മേയറുൾപ്പെടെ ഇടപ്പെട്ട് പ്രശ്‌നം ആരുമറിയാതെ ഒതുക്കിത്തീർത്തെന്നാണ് ആരോപണം.