
വിഴിഞ്ഞം: രാജ്യാന്തര തുറമുഖത്ത് ഈ വർഷം തന്നെ കപ്പൽ അടുക്കുമെന്ന് സൂചന. കൂറ്റൻ കപ്പലുകളുൾപ്പെടെയുള്ളവയെ തുറമുഖ ബെർത്തിൽ എത്തിക്കാനുള്ള ആദ്യ പൈലറ്റ് ബോട്ട് ഇന്നലെ വിഴിഞ്ഞത്ത് എത്തിച്ചു. ഈ വർഷം തന്നെ തുറമുഖ നിർമാണത്തിന്റെ ആദ്യഘട്ടം പൂർത്തിയാക്കും എന്ന് വകുപ്പ് മന്ത്രി പ്രഖ്യാപിച്ചിരുന്നു. ഇതിന് മുന്നോടിയായിട്ടാകാം പൈലറ്റ് ബോട്ട് എത്തിച്ചത്. ഡോൾഫിൻ 41 എന്നു പേരുള്ള ആധുനിക സൗകര്യങ്ങളുള്ള ബോട്ട് ശ്രീലങ്കയിൽ നിന്നാണ് ഇന്നലെ രാവിലെയോടെ വിഴിഞ്ഞത്തെ പഴയ വാർഫിൽ എത്തിച്ചത്. ഉൾക്കടലിൽ നിന്നും തീരത്തേക്ക് എത്തുന്ന കപ്പലുകൾക്ക് വഴികാട്ടുന്നതിനും സുരക്ഷ ഒരുക്കുന്നതിനുമാണ് ചെറുകപ്പൽ സമാനമായ പൈലറ്റ് ബോട്ട് എത്തിയതെന്ന് അധികൃതർ പറഞ്ഞു. കൂടാതെ തുറമുഖ നിർമാണത്തിനാവശ്യമായ ഉപകരണങ്ങൾ ഉൾപ്പെടെ കയറ്റിയ കപ്പലാണ് ആദ്യം വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തേക്ക് എത്തുന്നത്. ഇതിന് പൈലറ്റ് നൽകുന്നതിനു കൂടി ഉദ്ദേശിച്ചാണ് വളരെ വേഗം തന്നെ ബോട്ട് ഇവിടെ എത്തിച്ചതെന്ന് അദാനി തുറമുഖ കമ്പനി അധികൃതർ പറഞ്ഞു.
*ഏതുകാലാവസ്ഥയിലും അതിവേഗം സഞ്ചരിക്കാനാകുന്നതാണ് പൈലറ്റ് ബോട്ട്
*എല്ലാത്തരം കപ്പലുകളും നിയന്ത്രിക്കാനും നയിക്കാനും വൈദഗ്ദ്ധ്യമുള്ള ഏതാനും ക്യാപ്റ്റൻമാരാണ് പൈലറ്റ് ബോട്ടുകളിൽ
*മൂന്ന് പൈലറ്റ് ബോട്ടുകൾ കൂടി വിഴിഞ്ഞത്ത് എത്തിക്കും.
*എൻജിൻ നിർമ്മിച്ചത് ജപ്പാനിലെ കോവയിൽ
* ക്യാബിൻ നിർമ്മിച്ചത് ശ്രീലങ്കയിലെ കൊളംബോയിൽ.
* പൈലറ്റ് ബോട്ടിൽ ഉള്ളത് ആറു ശ്രീലങ്കൻ ക്രൂ.
ശ്രീലങ്കൻ പതാകയുമായി ഒറ്റ ദിവസം കൊണ്ട് വിഴിഞ്ഞത്തെത്തിയ പൈലറ്റ് ബോട്ടിലെ ശ്രീലങ്കൻ ക്രൂവിനു പകരം ഇന്നു മുതൽ ഇന്ത്യൻ ക്രൂവാകും ഉണ്ടാവുക. തലസ്ഥാനത്തെ ആനന്ദ് ഫൈറ്റ് ഓവർസീസ് പ്രൈവറ്റ് ലിമിറ്റഡ് ആണ് ബോട്ടിന്റെ കസ്റ്റം ബ്രോക്കേഴ്സ് നടപടികൾ പൂർത്തിയാക്കിയത്. കപ്പലിന് വഴികാട്ടി മാത്രമല്ല ഏത് അടിയന്തര സാഹചര്യത്തിലും ഇത് കടലിൽ ഇറക്കാൻ കഴിയും. രക്ഷാപ്രവർത്തനത്തിന് അത്യാവശ്യ ഘട്ടങ്ങളിൽ ഉപയോഗിക്കാം.
മിനി കപ്പലിന് സമാനം
ഇന്നലെ വിഴിഞ്ഞത്ത് എത്തിച്ച പൈലറ്റ് ബോട്ടിനുൾവശം ആധുനിക സൗകര്യങ്ങളാണുള്ളത്. രണ്ട് നിലകളായ ബോട്ടിൽ ജി.പി എസ്, എക്കോ സൗണ്ട്, ദിശാസൂചികൾ തുടങ്ങിയ സംവിധാനങ്ങൾ. എയർ കണ്ടീഷൻ, ക്യാപ്റ്റനും ക്രൂവിനും ഉറങ്ങാനുള്ള സംവിധാനം, ഭക്ഷണം പാകം ചെയ്യുന്നതിനുള്ള അടുക്കള. ടോയ്ലെറ്റ് തുടങ്ങിയവ എല്ലാം സജ്ജീകരിച്ചിട്ടുണ്ട്. എക്സിക്യുട്ടീവ് രൂപത്തിലുള്ള സീറ്റുകളാണ് ഉള്ളിൽ സജ്ജീകരിക്കുന്നത്.