v

തിരുവനന്തപുരം: സംസ്ഥാനം കടക്കെണിയിലാണെന്ന ആരോപണങ്ങൾ വ്യാജവും കെട്ടിച്ചമച്ചതുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. വ്യാജ ആരോപണങ്ങൾ ഉന്നയിച്ച് അടിസ്ഥാനസൗകര്യ വികസന പദ്ധതികൾക്ക് തുരങ്കംവയ്ക്കാനാണ് ഇത്തരക്കാരുടെ ശ്രമം. അത് നടപ്പാകില്ല. പഞ്ചവൽസര പദ്ധതികൾ രാജ്യത്ത് ഉപേക്ഷിച്ചെങ്കിലും കേരളത്തിലതുണ്ട്. അഞ്ചുവർഷത്തെ ഭരണകാലം കൃത്യഇടവേളകളായി തിരിച്ച് വികസനം നടപ്പാക്കുന്ന പുതുരീതിയാണിവിടെ. നൂറുദിന കർമ്മപദ്ധതികൾ അതിന്റെ ഭാഗമാണ്. ഇൗ സർക്കാരിന്റെ രണ്ടാം നൂറുദിനപദ്ധതികൾ പൂർത്തിയാകുമ്പോൾ ഒന്നാം വാർഷികത്തിലെത്തും. അഞ്ചുവർഷം കഴിയുമ്പോൾ അത് നവകേരള സൃഷ്ടിയാകും. അത് സന്തോഷ കേരളം കൂടിയായിരിക്കും. ജനങ്ങളായിരിക്കും അപ്പോൾ സർക്കാരിന്റെ വിജയവും വാർഷികങ്ങളും ആഘോഷിക്കുക.

പദ്ധതി തുക ചെലവഴിച്ചിട്ടില്ലെന്നത് തെറ്റായ പ്രസ്താവനയാണ്. ഇൗ വർഷം 73.20ശതമാനം ചെലവഴിച്ചു. കഴിഞ്ഞവർഷം അത് നൂറുശതമാനമായിരുന്നു. സംസ്ഥാനം കടക്കെണിയിലാണെന്ന് പറയുന്നതും തെറ്റാണ്. കേന്ദ്രസർക്കാരിന്റെ കടം മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ 9.2ശതമാനമാണ്. സംസ്ഥാനങ്ങളുടെ ദേശീയശരാശരി 40ശതമാനവും. കേരളത്തിന്റെയാകട്ടെ 31ശതമാനം മാത്രമാണ്. പിന്നെങ്ങെനെയാണ് കടക്കെണിയിലാകുന്നത്. സാമ്പത്തിക പ്രതിസന്ധിമൂലം സംസ്ഥാനത്തിന്റെ ഒരു പദ്ധതിയും മാറ്റിവച്ചിട്ടില്ല.

 നൂറുദിനം: 4.64 ലക്ഷം തൊഴിൽ

രണ്ടാം നൂറുദിന പദ്ധതികൾ സർക്കാരിന്റെ ഒന്നാംവാർഷികമായ മെയ് 20ന് പൂർത്തിയാകും. 17183.89കോടിയുടെ 1557പദ്ധതികൾ പൂർത്തിയാക്കും. 4.64 ലക്ഷം തൊഴിൽ ലഭ്യമാക്കും. ജില്ലകൾ തോറും സുഭിക്ഷ ഹോട്ടൽ, 20000വീട്, നൂറ്‌ സമുച്ചയങ്ങൾ, 30000 സർക്കാർ ഒാഫീസുകളിലും മണ്ഡലങ്ങളിലെ നൂറുവീടുകളിലും കെ ഫോൺ എന്നിവയെല്ലാം നടപ്പാക്കും. റീബിൽഡ് കേരളയ്ക്ക് ലോകബാങ്കിൽ നിന്ന് 1830കോടിയും ജർമ്മൻബാങ്കിൽ നിന്ന് രണ്ടുപദ്ധതികളിലായി 2128കോടിയും കിട്ടി.14വകുപ്പുകളിലായി 7910.20 കോടിയുടെ പദ്ധതികൾ നടപ്പാക്കുന്നു. 5428.18 കോടിയുടെ പദ്ധതികൾ ടെൻഡർ ചെയ്തു. പൂർത്തിയാക്കാൻ ആറ് വർഷങ്ങളെടുക്കും. ഇതുവരെ 1000കോടി ചെലവാക്കി.