
തിരുവനന്തപുരം : അഞ്ചു വകുപ്പുകളെ ഒന്നിപ്പിച്ചുള്ള തദ്ദേശവകുപ്പ് ഏകീകരണം നടപ്പാക്കിയതിനു പിന്നാലെ തദ്ദേശസ്ഥാപനങ്ങളിൽ നിലവിൽ വിവിധ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന സോഫ്‌ട് വെയറുകളെയും ഏകീകരിക്കുന്നു. എല്ലാ സേവനങ്ങളും ഇനി ഒരു സോഫ്ട് വെയറിലൂടെ ലഭിക്കും.
ഗ്രാമ,നഗര മേഖലകളിലെ വിവിധ തദ്ദേശ സ്ഥാപനങ്ങളിലായി അമ്പതോളം ആപ്ലിക്കേഷൻ സോഫ്റ്റ്‌വെയറുകളും എൻ.ഐ.സി, ഐ.ടി മിഷൻ, ഐ.ഐ.ഐ.ടി.എം - കെ തുടങ്ങിയ ഏജൻസികളുടെ സോഫ്‌ട് വെയറുകളും ഇപ്പോൾ നിലവിലുണ്ട്. ഇവ സംയോജിപ്പിച്ച് ഒറ്റ പ്ലാറ്റ്‌ഫോമിൽ പ്രവർത്തിക്കുന്ന സോഫ്‌ട് വെയർ തയ്യാറാക്കും. ആറു മാസത്തിനുള്ളിൽ ഇതിന്റെ ആദ്യഘട്ട സേവനവും ഒരുവർഷത്തിനുള്ളിൽ സോഫ്‌ട് വെയർ പരിഷ്‌കരണവും പൂർത്തിയാകുമെന്ന് മന്ത്രി എം.വി.ഗോവിന്ദൻ പറഞ്ഞു. ഇൻഫർമേഷൻ കേരള മിഷനാണ് സോഫ്‌ട് വെയർ ഏകീകരണ ചുമതല. കെ ഫോൺ മാനേജിംഗ് ഡയറക്ടർ സന്തോഷ് ബാബു പദ്ധതിയുടെ ചീഫ് മിഷൻ ഡയറക്ടറാവും. ഇൻഫർമേഷൻ കേരള മിഷൻ എക്‌സിക്യുട്ടീവ് ഡയറക്ടറും മറ്റ് വിഷയ സാങ്കേതിക വിദഗ്ദ്ധരുമടങ്ങുന്ന പ്രോജക്ട് ഇംപ്ലിമെന്റേഷൻ യൂണിറ്റും രൂപീകരിക്കും. മറ്റ് ഏജൻസികളുടെ സോഫ്റ്റ് വെയറുകൾ ഉപയോഗപ്പെടുത്തുന്നതിനും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുമായി ഐ.കെ.എം, എൻ.ഐ.സി, ഐ.ടി മിഷൻ, ഐ.ടി മേഖലയിലെ ഗവേഷണ സ്ഥാപനങ്ങൾ തുടങ്ങിയവ ഉൾക്കൊള്ളുന്ന ഇ - ഗവേണൻസ് കൺസോർഷ്യവും രൂപീകരിക്കും.
 സോഫ്‌ട് വെയർ
ആധുനിക സാങ്കേതിക വിദ്യകളായ ക്ലൗഡ് കമ്പ്യൂട്ടറിംഗ്, ഡേറ്റ സയൻസ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മെഷീൻ ലേണിംഗ്, വെർച്വൽ ആൻഡ് ഓഗ്മെന്റേഡ് റിയാലിറ്റി, ബ്ലോക്ക് ചെയിൻ ടെക്‌നോളജി ഇന്റർനെറ്റ് ഒഫ് തിങ്ക്സ് തുടങ്ങിയവയുടെ സാദ്ധ്യതകൾ ഉപയോഗപ്പെടുത്തിയാണ് പുതിയ സോഫ്‌ട് വെയർ തയ്യാറാക്കുക.
 ഗുണം?
'തദ്ദേശ സ്ഥാപനങ്ങളിലെ സേവനങ്ങൾ വേഗതയിലും കൃത്യതയോടെയും പൊതുജനങ്ങൾക്ക് ലഭ്യമാക്കാൻ കഴിയും. ഉദ്യോഗസ്ഥർക്ക് പലതരം സോഫ്‌ട് വെയറുകൾ ഉപയോഗിക്കുന്നതിലെ പ്രയാസങ്ങളും ഒഴിവാകും.'
-എം.വി. ഗോവിന്ദൻ, തദ്ദേശവകുപ്പ് മന്ത്രി