
തിരുവനന്തപുരം: ഗവർണർ പദവിയിരിക്കുന്ന വ്യക്തി എല്ലാ മതങ്ങളെയും ഒരുപോലെ ബഹുമാനിക്കണമെന്നും മതത്തെ അധിക്ഷേപിക്കുന്നത് പദവിയോടുള്ള അവഹേളനമാണെന്നും മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. മുസ്ലീം, ദളിത് പിന്നാക്ക ന്യൂനപക്ഷ സമുദായങ്ങളുടെ ഭരണഘടനാവകാശ ലംഘനത്തിനെതിരെ കേരള മുസ്ലിം ജമാ അത്ത് കൗൺസിൽ സംസ്ഥാന കമ്മിറ്റി രാജ്ഭവന് മുന്നിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഹിജാബ് മുസ്ലിം വിശ്വാസവുമായി ചേർന്നു നിൽക്കുന്നതാണ്. അതിനെതിരെ ഏത് സർക്കാർ നീങ്ങിയാലും അത് ശരിയായ നിലപാടല്ലെന്നും അദ്ദേഹം പറഞ്ഞു. കേരള മുസ്ലിം ജമാ അത്ത് കൗൺസിൽ സംസ്ഥാന പ്രസിഡന്റ് എം.താജുദ്ദീൻ അദ്ധ്യക്ഷനായി. യു.ഡി.എഫ് കൺവീനർ എം.എം.ഹസൻ മുഖ്യ പ്രഭാഷണം നടത്തി. മുൻ എം.പി.പന്ന്യൻ രവീന്ദ്രൻ, കുറുക്കോളി മൊയ്തീൻ എം.എൽ.എ, തോന്നയ്ക്കൽ ജമാൽ, ഇബ്രാഹിം മൗലവി, എം.എച്ച്.ഷാജി പത്തനംതിട്ട, എ.ജഹാംഗീർ, പാച്ചല്ലൂർ നുജുമുദ്ദീൻ, മരുത അബ്ദുൽ ലത്തീഫ് മൗലവി, ഹാഫിസ് അബ്ദുല്‍ ഹലിം മൗലവി അൽകാഷിഫി എന്നിവർ പങ്കെടുത്തു