തിരുവനന്തപുരം: മേയർ ആര്യാ രാജേന്ദ്രന്റെ പേഴ്സണൽ അസിസ്റ്റന്റായി പ്രവർത്തിച്ചിരുന്ന ഉദ്യോഗസ്ഥൻ സ്ഥാനമൊഴിഞ്ഞു. കഴിഞ്ഞ ദിവസം ഡെപ്യൂട്ടേഷൻ കാലാവധി അവസാനിച്ചെങ്കിലും പുതുക്കാതെ ഗസറ്റഡ് റാങ്കിലുള്ള ഉദ്യോഗസ്ഥൻ മാതൃ വകുപ്പിലേക്ക് മടങ്ങി. നികുതി തട്ടിപ്പ് വിഷയത്തിൽ കോർപ്പറേഷൻ ആസ്ഥാനത്ത് പ്രതിപക്ഷ കക്ഷികളുടെ സമരം നടക്കുന്നതിനിടെ വിനോദയാത്ര പോയെന്ന കാരണം പറഞ്ഞ് പേഴ്സണൽ അസിസ്റ്റന്റിനെ മാറ്റണമെന്ന് മേയർ മാസങ്ങൾക്കു മുമ്പ് ആവശ്യപ്പെട്ടിരുന്നതായി സൂചനയുണ്ട്.

എന്നാൽ സർക്കാരും ഉദ്യോഗസ്ഥൻ പ്രതിനിധീകരിക്കുന്ന സംഘടനയും നീക്കത്തിനു വഴങ്ങിയില്ല. അന്നുമുതൽ ആരംഭിച്ച ശീതസമരമാണ് പി.എയുടെ സ്ഥാനമൊഴിയലിൽ കലാശിച്ചതെന്നാണ് സൂചന.