
കളമശേരി: മുപ്പത്തടം അറത്താട്ടി കൊല്ലംപറമ്പിൽ റഷീദിന്റെ മകൻ അമാനുൽ ഫാരിസ് (12) സൈക്കിളിൽ സ്കൂളിലേക്ക് പോകവേ കോളേജ് വിദ്യാർത്ഥികൾ ഓടിച്ച ബൈക്കിടിച്ച് മരിച്ചു. ഇന്നലെ രാവിലെ 9 ന് ഏലൂർ ടി.സി.സി സ്റ്റോറിനു സമീപത്തുവച്ച് പുക്കാട്ടുപടി കെ.എം.ഇ.എ എൻജിനിയറിംഗ് കോളേജിലെ ബി.ബി.എ രണ്ടാം വർഷ വിദ്യാർത്ഥികളും ഏലൂർ സ്വദേശികളുമായ ഇജാസ്, ഉജ്ജ്വൽ എന്നിവർ സഞ്ചരിച്ച ബൈക്ക് ഇടിക്കുകയായിരുന്നു. ഫാക്ട് ഉദ്യോഗമണ്ഡൽ സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ് അമാനുൽ. മുപ്പത്തടത്ത് നിന്ന് പാതാളം റെഗുലേറ്റർ കം ബ്രിഡ്ജ് വഴി ഏലൂർ റോഡിലേക്ക് സൈക്കിളിൽ പ്രവേശിക്കുമ്പോഴാണ് ബൈക്കിടിച്ചത്. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ വിദ്യാർത്ഥിയെ മഞ്ഞുമ്മലിലും ഇടപ്പള്ളിയിലുമുള്ള രണ്ട് സ്വകാര്യ ആശുപത്രികളിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇജാസിന്റെ മുഖത്തും തലയ്ക്കും പരിക്കുണ്ട്. മാതാവ്: ജസ്ന. സഹോദരങ്ങൾ: സൽമാൻ (പത്താം ക്ലാസ് വിദ്യാർത്ഥി ), അയാൻ.