തിരുവനന്തപുരം: പാറ്റൂരിൽ വാട്ടർ അതോറിട്ടിയുടെ അറ്രകുറ്റപ്പണിയെ തുടർന്ന് നടുറോഡിലുണ്ടായ ഭീമൻ കുഴികൾ പൊലീസിന്റെ ഇടപെടലിനെ തുടർന്ന് അടിയന്തരമായി നികത്തി. കൗമുദി ടിവി പ്ലേ ഔട്ട് ഇൻചാർജ് ജിനുവിന്റെ പരാതിയെ തുടർന്ന് പേട്ട സി.ഐ റിയാസ് രാജ വാട്ടർ അതോറിട്ടിക്ക് കത്തുനൽകിയതോടെയാണ് ജനങ്ങളുടെ ദുരിതത്തിന് പരിഹാരമായത്.

പാറ്രൂർ വി.വി നഗറിലെ പമ്പിംഗ് ലൈനിന്റെ അറ്റകുറ്റപണികൾക്കായാണ് റോഡ് കുഴിച്ചത്. കുഴികൾ പൂർണമായി നികത്തുകയോ ടാറിംഗ് പൂർത്തിയാക്കുയോ ചെയ്യാത്തിനാൽ ആഴ്ചകളായി അപകടം പതിവായിരുന്നു. ചൊവ്വാഴ്ച രാവിലെ ഓഫീസിലേക്കുള്ള യാത്രക്കിടെ ജിനു സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനം കുഴിയിൽ വീഴുകയും പരിക്കേൽക്കുകയും ചെയ്‌തിരുന്നു. ആശുപത്രിയിൽ ചികിത്സതേടിയ ശേഷം പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തി. പ്രശ്‌നത്തിന്റെ ഗൗരവം മനസിലാക്കിയ സി.ഐ അടിയന്തരമായി വാട്ടർഅതോറിട്ടി പാറ്റൂർ സീവേജ് സെക്ഷന് കത്ത് നൽകി. അപകടവിവരം ഉൾപ്പെടെ കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു.

കത്ത് ലഭിച്ചതിന് പിന്നാലെ ബുധനാഴ്ച വാട്ടർഅതോറിട്ടി പൊലീസിന് മറുപടിയും നൽകി. കേരള റോഡ് ഫണ്ട് ബോർഡാണ് ടാറിംഗ് നടത്തേണ്ടത്, എന്നാൽ ജനങ്ങളുടെ ബുദ്ധിമുട്ട് കണക്കിലെടുത്ത് അന്നേദിവസം രാത്രി താത്കാലികമായി കുഴി അടയ്‌ക്കുമെന്നും വ്യക്തമാക്കി. ഇന്നലെ കുഴി അടച്ച വിവരം പേട്ട പൊലീസ് പരാതിക്കാരനെ അറിയിക്കുകയും ചെയ്‌തു.