നെടുമങ്ങാട്: നെടുമങ്ങാട് കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്ന് മലയോര മേഖലകളിലേക്കുള്ള നിരവധി സർവീസുകൾ വെട്ടിക്കുറച്ചതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് നെടുമങ്ങാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നെടുമങ്ങാട് ഡി.ടി.ഒയെ ഉപരോധിച്ചു.
ഉപരോധ സമരത്തിന് യൂത്ത് കോൺഗ്രസ് നെടുമങ്ങാട് മണ്ഡലം പ്രസിഡന്റ് താഹിർ നെടുമങ്ങാട് നേതൃത്വം നൽകി. പച്ചമല, ചേപ്പിലോട്, വിതുര ഉൾപ്പെടെയുള്ള മലയോര മേഖലകളിലെ വിദ്യാർത്ഥികൾ ആശ്രയിച്ചിരുന്ന ബസ് സർവീസുകളാണ് യാതൊരു മുന്നറിയിപ്പുമില്ലാതെ നിറുത്തിയത്.
70 ബസുകൾ സർവീസ് നടത്തിയിരുന്ന നെടുമങ്ങാട് ഡിപ്പോയിൽ നിന്ന് നാമമാത്രമായ സർവീസുകളാണ് ഇപ്പോൾ ഉള്ളത്. നിറുത്തലാക്കിയ സർവീസുകൾ ഉടൻ പുനരാരംഭിക്കണമെന്നും നെടുമങ്ങാട് ബസ് സ്റ്റാൻഡിലെ അറ്റകുറ്റപ്പണികൾ വേഗം പൂർത്തിയാക്കണമെന്നാവശ്യപ്പെട്ട് നടന്ന സമരം യൂത്ത് കോൺഗ്രസ് തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡന്റ് ഹാഷിം റഷീദ് ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് സജാദ് മന്നൂർക്കോണം, അനീഷ് മണ്ഡലം ഭാരവാഹികളായ ഷാഹിം, സനകൻ, രഞ്ജിത്ത് തുടങ്ങിയവർ നേതൃത്വം നൽകി. സർവീസുകൾ പുനരാരംഭിക്കുമെന്നും വിദ്യാർത്ഥികൾക്കുള്ള യാത്രാക്ലേശം എത്രയും പെട്ടെന്ന് പരിഹരിക്കുമെന്നും ഡി.ടി.ഒ അറിയിച്ചതിനെ തുടർന്ന് ഉപരോധസമരം അവസാനിപ്പിച്ചു.