
തിരുവനന്തപുരം: അമ്പലമുക്കിൽ ഈ മാസം ആദ്യം നടന്ന കൊലപാതകത്തിന്റെ നടുക്കത്തിൽ നിന്ന് തലസ്ഥാനം പൂർണമായി മുക്തമാകും മുമ്പുണ്ടായ അരുംകൊലയുടെ ഞെട്ടലിലാണ് ജനം. ഇന്നലെ രാവിലെ 8.30ന് തമ്പാനൂരിലെ ഹോട്ടലിൽ റിസപ‌്ഷനിസ്‌റ്റായ നാഗർകോവിൽ സ്വദേശി നീലനെ തലങ്ങും വിലങ്ങും വെട്ടിനുറുക്കിയ സംഭവം തലസ്ഥാനത്തെ ക്രമസമാധാന പാലനത്തിൽ പിഴവുകളുണ്ടെന്ന ആക്ഷേപത്തിന് ആക്കം കൂട്ടുന്നതുമായി.
കുറ്റിച്ചൽ സ്വദേശി രാധാകൃഷ്‌ണന്റെ ഉടമസ്ഥതയിലുള്ളതാണ് ഹോട്ടൽ. ഇയാൾ വിദേശത്താണ്. ഹോട്ടലിനോടു ചേർന്ന് രാധാകൃഷ്‌ണന്റെ ബന്ധുവും അമ്പലമുക്ക് സ്വദേശിയുമായ ബിന്ദുവും ഭർത്താവും റസ‌്റ്റോറന്റ് നടത്തുന്നുണ്ട്. ഇവരാണ് ഹോട്ടലിലുള്ളവർക്ക് ഭക്ഷണമെത്തിക്കുന്നത്. ഹോട്ടലിന്റെ കാര്യങ്ങൾ നീലൻ തന്നെയാണ് നോക്കിയിരുന്നത്. കൊലപാതകം നടക്കുമ്പോൾ ഹോട്ടലിൽ താമസക്കാരുണ്ടായിരുന്നു.
രാവിലെ ഹോട്ടൽ തുറന്നശേഷം റിസപ്‌ഷനിലിരുന്ന് നീലൻ ജോലി ചെയ്യാൻ തുടങ്ങുമ്പോഴായിരുന്നു വെട്ടുകത്തിയുമായി പ്രതി അജീഷ് എത്തിയത്. നീല മുണ്ടും ചുവന്ന ഷർട്ടുമായിരുന്നു അജീഷിന്റെ വേഷം. വാഹനം ഹോട്ടലിന് മുന്നിൽ പാർക്ക് ചെയ്‌ത ശേഷം ഇടതുകൈയിൽ ബാഗും വലതുകൈയിൽ വെട്ടുകത്തിയുമായെത്തിയ അജീഷ് റിസപ്ഷനിലിരുന്ന നീലനെ തലങ്ങും വിലങ്ങും വെട്ടുകയായിരുന്നു.
രണ്ട് മിനുട്ടിനുള്ളിൽ കൃത്യം നടത്തി അജേഷ് രക്ഷപ്പെടുകയും ചെയ്‌തു. റൂംബോയ് വിവരം അറിയിച്ചതനുസരിച്ച് തമ്പാനൂർ, ഫോർട്ട് എന്നിവിടങ്ങളിൽ നിന്ന് പൊലീസ് സംഘം സ്ഥലത്തെത്തി. ഹോട്ടലിന് മുന്നിൽ ടി.വി ചാനലുകളും മാദ്ധ്യമ പ്രവർത്തകരുമെത്തിയതോടെ നഗരവാസികളും സമീപത്തെ കടകളിലുള്ളവരും ആശങ്കയിലായി. ഹോട്ടലിൽ തീപിടിത്തമോ മറ്റോ ഉണ്ടായെന്നായിരുന്നു നാട്ടുകാർ കരുതിയത്. എന്നാൽ കൊലപാതകമാണ് നടന്നതെന്ന് അറിഞ്ഞതോടെ ജനം പരിഭ്രാന്തിയിലായി. ഹോട്ടലിൽ പൊലീസ് ശക്തമായ കാവൽ ഏർപ്പെടുത്തി. സംഭവമറിഞ്ഞതോടെ നിരവധിപേർ റോഡിന്റെ വശങ്ങളിൽ തടിച്ചുകൂടി.
ഇതിനിടെ കൊലപാതകത്തിന്റെ സി.സി ടിവി ദൃശ്യങ്ങൾ വാട്സ്ആപ്പ്, ഫേസ്ബുക്ക് എന്നിവ വഴി പ്രചരിച്ചു. വാഹനങ്ങളിൽ വന്നവർ സംഭവമെന്തെന്ന് അറിയാൻ ഓവർബ്രിഡ്‌ജ് റോഡിൽ വാഹനം നിറുത്തിയതോടെ രൂക്ഷമായ ഗതാഗത കുരുക്കുമുണ്ടായി. ഒടുവിൽ പൊലീസ് ഏറെ പണിപ്പെട്ടാണ് ജനക്കൂട്ടത്തെ നിയന്ത്രിച്ചത്. ഉച്ചയ്‌ക്ക് 3ഓടെ മൃതദേഹം പോസ്‌റ്റുമോർട്ടത്തിനായി മെഡിക്കൽ കോളേജിലേക്ക് മാറ്റി.