
തിരുവനന്തപുരം: ലബോറട്ടറി അസിസ്റ്റന്റുമാർ ഒരു മാസം കഴിഞ്ഞ് നടക്കുന്ന ഹയർ സെക്കൻഡറി പരീക്ഷാസമയത്ത് ക്ലാർക്ക്, ഓഫീസ് അസിസ്റ്റൻഡ്, നൈറ്റ് വാച്ച്മാൻ ജോലികൾ നിർവഹിക്കണമെന്ന തീരുമാനത്തിൽ പ്രതിഷേധിച്ചിട്ടും തീരുമാനം മാറ്റാതെ പൊതുപരീക്ഷാ വിഭാഗം. 2020ലും ഇതേ സർക്കുലർ പുറത്തിറക്കിയെങ്കിലും പ്രതിഷേധത്തെത്തുടർന്ന് പിൻവലിച്ചിരുന്നു. ഹയർ സെക്കൻഡറി സ്‌പെഷ്യൽ റൂൾ പ്രകാരം സ്റ്റേറ്റ് സബോർഡിനേറ്റ് വിഭാഗം ജീവനക്കാരാണ് ലാബ് അസിസ്റ്റൻഡുമാർ. എന്നിട്ടും ചട്ടവിരുദ്ധമായി വാച്ച്മാന്റെ ജോലി നോക്കാൻ നിർബന്ധിക്കുകയാണ്.
ഹയർ സെക്കൻഡറി പ്രത്യേക വകുപ്പായിരുന്നപ്പോൾ സ്‌കൂളുകളിലെ ഏക അനദ്ധ്യാപകനെന്ന നിലയിൽ വിവിധ ക്ലറിക്കൽ - പരീക്ഷാ ജോലികളും ലബോറട്ടറി അസിസ്റ്റന്റുമാരാണ് ചെയ്തിരുന്നത്. മിനിസ്റ്റീരിയൽ സ്റ്റാഫിന്റെ സേവനം പ്രിൻസിപ്പലും പ്രഥമാദ്ധ്യാപകനും പങ്കിടണമെന്ന സർക്കാർ ഉത്തരവ് 2004 മുതൽ നിലവിലുണ്ട്. എന്നാൽ ഹയർ സെക്കൻഡറി വിഭാഗം പൊതുവിദ്യാഭ്യാസ വകുപ്പിൽ ലയിപ്പിച്ചിട്ടും ഉത്തരവ് നടപ്പായിട്ടില്ല.
സുരക്ഷയ്‌ക്ക് വേണ്ടത് കേന്ദ്രീകൃത സംവിധാനം
സുരക്ഷയ്‌ക്കാണ് മുൻഗണനയെങ്കിൽ ഹയർ സെക്കൻഡറി പരീക്ഷാ ചോദ്യക്കടലാസ് എസ്.എസ്.എൽ.സിയുടേത് പോലെ ട്രഷറി സംവിധാനത്തിലോ ബ്ലോക്ക് റിസോഴ്സ് സെന്റർ പോലെയുള്ള കേന്ദ്രീകൃത സംവിധാനത്തലോ സൂക്ഷിക്കാം. ഈ സംവിധാനത്തിലൂടെ ഓരോ സ്‌കൂളിലും കാവൽക്കാരനെ ഒഴിവാക്കാം. ചെലവും കുറയ്‌ക്കാം.
അതേസമയം സയൻസ് ബാച്ചില്ലാത്ത സ്‌കൂളുകളിൽ ലബോറട്ടറി അസിസ്റ്റന്റ് തസ്തികയില്ല. ഇവിടത്തെ പരീക്ഷാ ജോലികൾ ആര് ചെയ്യണമെന്ന് പരീക്ഷാ മാനുവലിലും വ്യക്തതയില്ല. നടപടിക്കെതിരെ മുഖ്യമന്ത്രി, വിദ്യാഭ്യാസ മന്ത്രി അടക്കമുള്ളവരെ കണ്ട് ലാബ് അസിസ്റ്റന്റ്സ് ഓർഗനൈസേഷൻ പരാതി നൽകിയെങ്കിലും അനുകൂല നടപടിയുണ്ടായില്ലെന്ന് ഭാരവാഹികൾ പറഞ്ഞു.