തിരുവനന്തപുരം: യുക്രെയിനിൽ മലയാളി വിദ്യാർത്ഥികൾ പ്രധാനമായും കുടുങ്ങിക്കിടക്കുന്നത് കീവ്, ലിവിവ്, ഇവാനോ, ഒഡേസ, ഖാർകീവ്, ക്രമറ്റോസ്‌ക എന്നീ പ്രദേശങ്ങളിലാണ്. പല സ്ഥലങ്ങളിലും സംഘർഷഭരിതമായ അന്തരീക്ഷമാണെന്നും ബങ്കറിലും മെട്രോ സ്റ്റേഷനിലും മറ്റും കഴിയുകയാണെന്നും വിദ്യാർത്ഥികൾ കേരളകൗമുദിയോട് പറഞ്ഞു.
ആക്രമണത്തിന്റെ ആദ്യ ദിവസം ക്ലാസുകൾ നിറുത്തിവച്ച സർവകലാശാലകൾ ഇന്നലെ ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചു. ക്ലാസുകൾ നിറുത്തിവയ്‌ക്കാൻ കഴിയില്ലെന്നും നിങ്ങളുടെ വിദ്യാഭ്യാസമാണ് ഞങ്ങൾക്ക് പ്രധാനമെന്നുമാണ് അദ്ധ്യാപകർ പറയുന്നതെന്ന് വിദ്യാർത്ഥികൾ പറഞ്ഞു. വീടുകളിലേക്ക് പോയാലും ഓൺലൈൻ ക്ലാസ് മുടക്കരുതെന്നും നിർദ്ദേശിച്ചു.
അരുന്ധതി (കീവിൽ നിന്ന്)
റഷ്യൻ സൈന്യം അതിരാവിലെ ഹോസ്റ്റലിനടുത്തുള്ള മെട്രോ സ്റ്രേഷനിലെത്തിയെന്ന് അറിഞ്ഞാണ് ഞങ്ങളെല്ലാം ഉണരുന്നത്. കൈയിൽ കിട്ടിയതൊക്കെ എടുത്ത് ഇറങ്ങാൻ തുടങ്ങിയപ്പോൾ അടുത്ത ഹോസ്റ്റലിലെ വിദ്യാർത്ഥികൾ ഓടുന്നതാണ് കണ്ടത്. തൊട്ടുപിന്നാലെ സൈന്യം ഞങ്ങളുടെ ഹോസ്റ്റലിലേക്കും ഇരച്ചുകയറി എല്ലാവരേയും ഒഴിപ്പിച്ചു. ഇപ്പോൾ ബങ്കറിലാണ്. എംബസിയുമായി ബന്ധപ്പെടുന്നുണ്ട്. ആഹാരത്തിനും വെളളത്തിനും ബുദ്ധിമുട്ടാണ്. സൈന്യം ഞങ്ങളെ ഉപദ്രവിച്ചിട്ടില്ല.
അപർണ (ഖാർകീവിൽ നിന്ന്)
ആദ്യ ദിവസം ഇവിടെ ശാന്തമായിരുന്നു. എന്നാൽ ഇന്നലെ കാര്യങ്ങൾ ആകെ മാറിമറിഞ്ഞു. രാവിലെ മുതൽ അടുത്ത പ്രദേശങ്ങളിൽ വെടിയൊച്ചകളും ഉഗ്രശബ്‌ദങ്ങളും കേൾക്കുന്നുണ്ട്. രാത്രി ഞങ്ങളാരും ഉറങ്ങിയില്ല. അടുത്തുളള മെട്രോ സ്റ്റേഷനിലാണ് എല്ലാവരും. ഇവിടെ വിവിധ രാജ്യങ്ങളിലെ വിദ്യാർത്ഥികൾ ആശങ്കയോടെയാണ് നിൽക്കുന്നത്. ഇന്റർനെറ്റ് ബന്ധം കട്ടാവുകയാണ്.
ഷാനു നാസർ (സുമി)
അയൽരാജ്യങ്ങളുടെ സഹായം തേടിയിട്ടുണ്ടെന്നും നാട്ടിൽ എത്തിക്കുമെന്നുമാണ് എംബസിയിൽ നിന്ന് ലഭിച്ച ഉറപ്പ്. അത്യാവശ്യ സാധനങ്ങൾ വാങ്ങാൻ കൂട്ടത്തോടെ മാത്രമേ കടകളിലേക്ക് പോകാവൂവെന്നാണ് നിർദ്ദേശം. വീട്ടുകാരോടും ബന്ധുക്കളോടും നിരന്തരം സംസാരിക്കുന്നുണ്ട്. സുമി ഇപ്പോൾ ശാന്തമാണ്.