
തിരുവനന്തപുരം: മെഡിക്കൽ സർവീസസ് കോർപ്പറേഷനിലേത് അസാധാരണസാഹചര്യത്തിലെ അസാധാരണ കൊള്ളയാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. അതിനെന്യായീകരിച്ചതിലൂടെ മുഖ്യമന്ത്രിയുടെ അറിവോടെയാണ് കൊള്ള നടന്നതെന്ന് വ്യക്തമായി. 550 രൂപയുടെ പി.പി.ഇ കിറ്റ് വാങ്ങാൻ ഉത്തരവിട്ട ദിവസം തന്നെയാണ് ഒരു കമ്പനി പോലുമല്ലാത്തവർ അയച്ച മെയിലിന്റെ അടിസ്ഥാനത്തിൽ 1550 രൂപയ്‌ക്ക് ലക്ഷക്കണക്കിന് കിറ്റുകൾ വാങ്ങിയത്. യു.പിയിൽ ഇതുപോലുള്ള പർച്ചേസ് നടന്നിട്ടുണ്ടെന്നാണ് മുഖ്യമന്ത്രി പറയുന്നത്. അപ്പോൾ യു.പിയാണോ കേരളം? കേരളം യു.പി അല്ലെന്നാണ് പ്രതിപക്ഷം എപ്പോഴും പറയുന്നത്.
മണിയെ വിട്ട് മന്ത്രിയെ പേടിപ്പിക്കുന്നു
വൈദ്യുതി ബോർഡിലെ അഴിമതി സംബന്ധിച്ച് നിയമസഭയിൽ വ്യക്തമായ മറുപടി നൽകുന്നതിന് പകരം എം.എം. മണിയെക്കൊണ്ട് വൈദ്യുതി മന്ത്രിയെ പേടിപ്പിക്കുകയാണ് മുഖ്യമന്ത്രി ചെയ്‌തത്. കോടികളുടെ അഴിമതിയാണ് വൈദ്യുതി ബോർഡിൽ നടന്നത്. ഹൈഡൽ ടൂറിസത്തിന്റെ മറവിൽ കോടികൾ വിലയുള്ള ബോർഡിന്റെ സ്വത്തുക്കൾ സ്വന്തക്കാർക്ക് നൽകി. കരാർ വിവരങ്ങൾ എൻജിനിയർമാർ തന്നെ ചോർത്തിക്കൊടുത്തു.
കെടുകാര്യസ്ഥതയും അഴിമതിയും കാരണം ബോർഡിനുണ്ടായ നഷ്ടം നിരക്ക് വർദ്ധനവിലൂടെ സാധാരണക്കാരിൽ നിന്നീടാക്കാനാണ് നോക്കുന്നത്. മെഡിക്കൽ സർവീസസ് കോർപ്പറേഷനിലെയും കെ.എസ്.ഇ.ബിയിലെയും അഴിമതിക ഗൗരവമായി അന്വേഷിക്കണം. ഇതിനെതിരെ യു.ഡി.എഫ് നിയമനടപടി സ്വീകരിക്കും.
സ്വർണക്കടത്ത് കേസ് എവിടെ തുടങ്ങി എവിടെയവസാനിച്ചുവെന്ന് കണ്ടെത്തേണ്ട ചുമതല പ്രതിപക്ഷത്തിനല്ല. ആഭ്യന്തരവകുപ്പ് പിണറായി ഒഴിഞ്ഞ് പകരക്കാരെ നിയമിക്കാൻ തങ്ങളെ അനുവദിച്ചാൽ കണ്ടെത്തിത്തരാം. സ്വർണക്കടത്തിന് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി കൂട്ടുനിന്നുവെന്ന് പറഞ്ഞത് കേസിലെ പ്രതിയാണ്. വിദേശ കറൻസി കടത്ത് നടത്തിയത് മുഖ്യമന്ത്രിയുടെ അറിവോടെയാണെന്ന് കസ്റ്റംസിന് മൊഴി നൽകിയിട്ടും അന്വേഷണമോ ചോദ്യം ചെയ്യലോ ഇല്ല. അതിന് കാരണം കേന്ദ്ര ബി.ജെ.പി നേതൃത്വവും മുഖ്യമന്ത്രിയും തമ്മിലുള്ള ധാരണയാണെന്നും സതീശൻ കുറ്റപ്പെടുത്തി.