
ആറ്റിങ്ങൽ: സാമൂഹിക പ്രതിബദ്ധതയിൽ കേരളകൗമുദി വ്യത്യസ്‌തത പുലർത്തുന്ന പത്രമാണെന്ന് മന്ത്രി ജി.ആർ. അനിൽ പറഞ്ഞു. കേരളകൗമുദിയും മീഡിയ ഹബ് ആറ്റിങ്ങലും സംയുക്തമായി സംഘടിപ്പിച്ച പ്രതിഭാസംഗമം ആറ്റിങ്ങലിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കൊവിഡ് മഹാമാരിയിൽ ദുരിതത്തിലായ കലാകാരന്മാർ ഉൾപ്പെടെയുള്ളവരുടെ അതിജീവനത്തിനായി സമാനതകളില്ലാത്ത പ്രവർത്തനമാണ് സംസ്ഥാന സർക്കാർ നടത്തിയത്. നേരത്തെ ആരോഗ്യപ്രവർത്തകരെ ആദരിച്ച കേരളകൗമുദി ഇപ്പോൾ കലാകാരന്മാരെയും ആദരിച്ചത് മാതൃകാപരമായ നടപടിയാണെന്നും മന്ത്രി പറഞ്ഞു. ചടങ്ങിൽ കലാകാരന്മാരെ മന്ത്രി മൊമെന്റോ നൽകി ആദരിച്ചു. ആറ്റിങ്ങൽ അനംതാര റിവർവ്യൂ റിസോർട്ടിൽ നടന്ന ചടങ്ങിൽ കേരളകൗമുദി തിരുവനന്തപുരം, ആലപ്പുഴ യൂണിറ്റ് ചീഫ് എസ്. വിക്രമൻ അദ്ധ്യക്ഷത വഹിച്ചു.
സിനിമാ സംവിധായകൻ സാജൻ, ബിഗ് ബോസ് ഫെയിം ഡോ. രജിത് കുമാർ, മീഡിയ ഹബ് ഭാരവാഹികളായ നിസാർ ആറ്റിങ്ങൽ, എ.കെ. നൗഷാദ്, കേരളകൗമുദി ലേഖകൻ സജിതൻ മുടപുരം എന്നിവർ സംസാരിച്ചു. കേരളകൗമുദി ലേഖകൻ ബൈജു മോഹൻ സ്വാഗതവും അസിസ്റ്റന്റ് മാർക്കറ്റിംഗ് മാനേജർ സുധികുമാർ നന്ദിയും പറഞ്ഞു.