
തിരുവനന്തപുരം: കമ്മ്യൂണിസ്റ്റ് പാർട്ടിയെ നിരോധിച്ച കാലത്ത് കേരളകൗമുദി പത്രത്തിൽ പത്രാധിപസമിതി അംഗമായി പ്രവർത്തിച്ച ആളിന്റെ പേരും തൂലികാനാമവും എന്തായിരുന്നു?. ചോദ്യം വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിയുടേത്. 'സുകുമാരൻ എന്ന പേരിൽ പത്രപ്രവർത്തകനായി ഒളിവിൽ കഴിഞ്ഞത് ഇ.കെ. നായനാരാണ്'- ഉത്തരം നൽകിയത് കോഴിക്കോട് എൻ.എച്ച്.എസ് വട്ടോളിയിലെ മിത്ര സുലേഖ. ശരിയുത്തരം പറഞ്ഞ മിടുക്കിക്ക് ഉടൻ മന്ത്രി സമ്മാനവും നൽകി. തന്റെ പോക്കറ്റിലിരുന്ന പേന. വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് കേരള മീഡിയ അക്കാഡമി സംഘടിപ്പിച്ച സംസ്ഥാനതല ക്വിസ് പ്രസിലാണ് സംഭവം. ആദ്യത്തെ ചോദ്യം മന്ത്രിയുടേതായിരുന്നു.
വിദ്യാർത്ഥികളിൽ മാദ്ധ്യമ സാക്ഷരത വളർത്താൻ വ്യത്യസ്ത പരിപാടികൾ നടപ്പാക്കുമെന്ന് ക്വിസ് പ്രസ് പ്രശ്നോത്തരി ഉദ്ഘാടനം ചെയ്ത മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. ശാസ്ത്രബോധവും വികസന ചിന്തയും വളർത്തുന്നൽ മാദ്ധ്യമങ്ങളും പങ്കു വഹിക്കണം. മുഖ്യമന്ത്രിയുടെ ട്രോഫിക്കു വേണ്ടിയുള്ള 'ക്വിസ്‌പ്രസി'ന്റെ രണ്ടാം പതിപ്പ് കൂടുതൽ വിപുലമായി സംഘടിപ്പിക്കുന്നതിന് വിഭ്യാഭ്യാസ വകുപ്പിന്റെ പിന്തുണയും മന്ത്രി അറിയിച്ചു.
തിരുവനന്തപുരം റഷ്യൻ കൾച്ചറൽ സെന്ററിലെ സിഡിറ്റ് സ്റ്റുഡിയോയിൽ നടന്ന ചടങ്ങിൽ കേരള മീഡിയ അക്കാഡമി ചെയർമാൻ ആർ.എസ്.ബാബു അദ്ധ്യക്ഷനായി. 'ക്വിസ്‌പ്രസി'ന് നേതൃത്വം കൊടുക്കുന്ന ക്വിസ്‌മാസ്റ്റർ ജി.എസ്.പ്രദീപിനെ മന്ത്രി പൊന്നാടയണിയിച്ചു. അക്കാഡമിയുടെ ഇന്റർനെറ്റ് റേഡിയോയുടെ ആഭിമുഖ്യത്തിൽ നടന്ന ഒ.എൻ.വി കവിതാലാപന മത്സരത്തിലെ വിജയികൾക്ക് സമ്മാനം വിതരണം ചെയ്തു. അക്കാഡമിയുടെ ഫോട്ടോജേർണലിസം കോഴ്സിന്റെ പുതിയ ബാച്ചിന്റെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു.
പ്രശ്‌നോത്തരി വിവിധ എപ്പിസോഡുകളായി കൈറ്റ് വിക്ടേഴ്സ് ചാനലിൽ സംപ്രേഷണം ചെയ്യുമെന്ന് ചാനൽ സി.ഇ.ഒ ഡോ. അൻവർ സാദത്ത് പറഞ്ഞു. അക്കാഡമി സെക്രട്ടറി എൻ.പി.സന്തോഷ്, സിഡിറ്റ് രജിസ്ട്രാർ ജയദേവ് ആനന്ദ് എ.കെ, ഗായിക അപർണ രാജീവ്, സിഡിറ്റ് പ്രതിനിധി കാർത്തികേയൻ എന്നിവർ പങ്കെടുത്തു. ഇന്നും തുടരുന്ന മത്സരത്തിൽ തിരഞ്ഞെടുക്കപ്പെട്ട 12 സ്‌കൂൾ ടീമുകളാണ് മത്സരിക്കുന്നത്. മുഖ്യമന്ത്രിയുടെ ട്രോഫിയും അര ലക്ഷം രൂപയുമാണ് ഒന്നാം സമ്മാനം.