
തിരുവനന്തപുരം: ഡി.സി.സി ഭാരവാഹികളുടെയും ബ്ലോക്ക് പ്രസിഡന്റുമാരുടെയും പുനഃസംഘടന നീളുന്നതിനിടെ, സംസ്ഥാന കോൺഗ്രസിൽ അസ്വസ്ഥതകളും മുറുകുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ഗ്രൂപ്പ് നേതാക്കളും അല്ലാത്തവരുമടക്കം പ്രത്യേകം സംഘങ്ങളായി സംസ്ഥാന നേതാക്കളെ കാണാനെത്തിയതും വിവാദങ്ങൾക്ക് തിരി കൊളുത്തി.
തലസ്ഥാന ജില്ലയിലെ പ്രമുഖ നേതാക്കൾ ഡി.സി.സി പ്രസിഡന്റ് പാലോട് രവിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം രാത്രി കന്റോൺമെന്റ് ഹൗസിൽ പ്രതിപക്ഷനേതാവിനെ കാണാനെത്തിയത് ഗ്രൂപ്പ് യോഗമായി ചിത്രീകരിക്കപ്പെട്ടത് വി.ഡി. സതീശനെ പ്രകോപിപ്പിച്ചു. പ്രചാരണത്തിന് പിന്നിലാരാണെന്നറിയാമെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ തുറന്നടിച്ചു.
കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനെ കണ്ടശേഷമായിരുന്നു നേതാക്കൾ പ്രതിപക്ഷനേതാവിനെ കണ്ടത്. അതിന് മുമ്പായി എ ഗ്രൂപ്പ് പ്രമുഖരായ കെ.സി. ജോസഫ്, കെ. ബാബു, പി.സി. വിഷ്ണുനാഥ്, ബെന്നി ബെഹനാൻ തുടങ്ങിയവരും
ഇരുനേതാക്കളെയും വെവ്വേറെ കണ്ടിരുന്നു. ബ്ലോക്ക് പ്രസിഡന്റുമാരെ കൂട്ടത്തോടെ മാറ്റുന്നത് പ്രായോഗിക ബുദ്ധിമുട്ടുണ്ടാക്കുമെന്ന ഗ്രൂപ്പ് വികാരം ധരിപ്പിക്കാനായിരുന്നു കൂടിക്കാഴ്ച. അതേസമയം, ഇന്നലെ പ്രസിദ്ധീകരിക്കുമെന്ന് പ്രതീക്ഷിച്ച ഡി.സി.സി ഭാരവാഹികളുടെ പട്ടിക ചൊവ്വാഴ്ചയോ ബുധനാഴ്ചയോ ആയേക്കും.സംഘടനാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസ് അംഗത്വ വിതരണത്തിന്റെ ഉദ്ഘാടനം അഖിലേന്ത്യാ നേതൃത്വത്തിന്റെ സാന്നിദ്ധ്യത്തിൽ ഇന്ന് നടക്കും. എ.ഐ.സി.സി ജനറൽസെക്രട്ടറി താരിഖ് അൻവർ അടക്കമുള്ളവർ ഇന്നലെ തലസ്ഥാനത്തെത്തി.
പാലോട് രവിക്ക് പുറമേ വി.എസ്. ശിവകുമാർ, വർക്കല കഹാർ, എം.എ. വാഹിദ്, കെ.എസ്. ശബരിനാഥൻ, നെയ്യാറ്റിൻകര സനൽ തുടങ്ങിയവരാണ് കഴിഞ്ഞ ദിവസം കന്റോൺമെന്റ്ഹൗസിലെത്തി പ്രതിപക്ഷനേതാവിനെ കണ്ടത്. ഈ സമയത്ത് പ്രതിപക്ഷനേതാവിനെ വിശ്വകർമ്മജരുടെ സംഘടനാസമ്മേളനത്തിലേക്ക് ക്ഷണിക്കാനായി കെ.പി.സി.സി ജനറൽസെക്രട്ടറി ടി.യു. രാധാകൃഷ്ണൻ അവിടെയെത്തിയതാണ് ചർച്ചയായത്. ഗ്രൂപ്പ് യോഗത്തിന്റെ വിവരം ലഭിച്ചതിനെ തുടർന്ന് കെ.പി.സി.സി പ്രസിഡന്റ് അന്വേഷിക്കാൻ രാധാകൃഷ്ണനെ വിട്ടതാണെന്ന പ്രചാരണമുയർന്നു.
ഇന്നലെ രാവിലെ തലസ്ഥാന ജില്ലയിലെ മറ്റ് ചില നേതാക്കൾ കെ. സുധാകരനെ കാണാൻ പേട്ടയിലെ അദ്ദേഹത്തിന്റെ വസതിയിലെത്തിയെങ്കിലും വിവാദത്തിന്റെ പശ്ചാത്തലത്തിൽ അദ്ദേഹം അവരെ കാണാൻ കൂട്ടാക്കിയില്ല. കെ.പി.സി.സി ആസ്ഥാനത്തേക്ക് വരാനാണ് നിർദ്ദേശിച്ചത്. എൻ. ശക്തൻ നാടാർ, ടി. ശരത്ചന്ദ്രപ്രസാദ്, കെ. മോഹൻകുമാർ, ജി. സുബോധൻ, വി. പ്രതാപചന്ദ്രൻ, കരകുളം കൃഷ്ണപിള്ള, മണക്കാട് സുരേഷ് തുടങ്ങിയവരാണ് എത്തിയത്.
ഗ്രൂപ്പുമായി നടക്കുന്നത് ഒരു പണിയുമില്ലാത്തവർ: വി.ഡി. സതീശൻ
ഒരു പണിയുമില്ലാത്തവരാണ് പാർട്ടിയിൽ ഗ്രൂപ്പുമായി നടക്കുന്നതെന്നും തനിക്ക് വേറെ പണിയുണ്ടെന്നും പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ വാർത്താലേഖകരോട് പറഞ്ഞു. താൻ ഒരു ഗ്രൂപ്പിലുമില്ല. സി.പി.എമ്മിനും സംസ്ഥാന സർക്കാരിനുമെതിരെ യു.ഡി.എഫ് ശക്തമായി നീങ്ങുന്നതിനിടയിൽ പിന്നിൽ നിന്ന് വലിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് തന്റെ വസതിയിൽ ഗ്രൂപ്പ് യോഗം ചേർന്നെന്ന പ്രചരണം. ഈ വാർത്ത എവിടെ നിന്ന് വന്നതാണെന്ന് വ്യക്തമായി അറിയാം.
പാർട്ടിയിൽ പുന:സംഘടന നടക്കുമ്പോൾ നേതാക്കൾ വന്ന് കാണും.
കഴിഞ്ഞ ദിവസം തിരുവനന്തപുരം, കൊല്ലം, കോഴിക്കോട് ജില്ലകളിലെ നേതാക്കൾ വന്നു. ഉമ്മൻ ചാണ്ടിയുടെ അടുപ്പക്കാരായ കെ.സി. ജോസഫിന്റെയും എം.എം. ഹസന്റെയും നേതൃത്വത്തിൽ ഒരു സംഘം നേതാക്കളും കഴിഞ്ഞ ദിവസം വന്നിരുന്നു. അവരെല്ലാം കെ.പി.സി.സി പ്രസിഡന്റിനെയും കണ്ടിരുന്നു. രമേശ് ചെന്നിത്തലയുടെ അടുത്ത സഹപ്രവർത്തകർ കാണുമെന്ന് അറിയിച്ചു. താൻ സ്ഥലത്തില്ലാതിരുന്നതിനാൽ നടന്നില്ല. അങ്ങനെ നോക്കിയാൽ എല്ലാ ഗ്രൂപ്പുകാരുടെയും യോഗം തന്റെ ഔദ്യോഗികവസതിയിൽ നടക്കുന്നുണ്ട്. പക്ഷേ മുറി അടച്ചുപൂട്ടിയുള്ള ഒരു യോഗവും ഇവിടെയില്ല.
തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള നേതാക്കൾ കഴിഞ്ഞ ദിവസം തന്നെ സന്ദർശിച്ചപ്പോഴാണ് മുൻകൂട്ടി നിശ്ചയിച്ചതനുസരിച്ച് കെ.പി.സി.സിയുടെ സംഘടനാചുമതലയുള്ള ജനറൽസെക്രട്ടറി ടി.യു. രാധാകൃഷ്ണൻ വിശ്വകർമജരുടെ സംഘടനയുടെ സമ്മേളനത്തിലേക്ക് ക്ഷണിക്കാൻ വന്നത്. അതിനെയാണ് കെ.പി.സി.സി പ്രസിഡന്റ് മിന്നൽ പരിശോധനയ്ക്ക് ആളെഉ അയച്ചുവെന്ന പ്രചരണത്തിന് പിന്നിൽ. നിയമസഭയിൽ ഒറ്റക്കെട്ടായാണ് യു.ഡി.എഫ് പ്രവർത്തിക്കുന്നത്. പ്രതിപക്ഷനിരയിൽ ഒരു ഭിന്നതയുമില്ലെന്നംതീശൻ വ്യക്തമാക്കി.
ഗ്രൂപ്പ് യോഗം പരിശോധിക്കാൻ ആളെ വിട്ടില്ല: കെ.സുധാകരൻ
പ്രതിപക്ഷനേതാവ് വി.ഡി. സതീശന്റെ ഔദ്യോഗിക വസതിയിൽ ഗ്രൂപ്പ് യോഗം ചേർന്നെന്നും അത് പരിശോധിക്കാൻ താൻ ആളെ വിട്ടെന്നുമുള്ള പ്രചാരണം തെറ്റാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എം.പി വാർത്താലേഖകരോട് പറഞ്ഞു.
പരിശോധന നടത്താൻ താൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല. പുന:സംഘടന നടക്കുന്നതിനാൽ പല നേതാക്കളും വന്ന് കാണാറുണ്ട്. പ്രതിപക്ഷ നേതാവിനെ കാണാൻ പോയവർ തന്നെയും കണ്ടിരുന്നു. അത് എങ്ങനെ ഗ്രൂപ്പു യോഗമാകും. വിവാദമുണ്ടായപ്പോൾ വി.ഡി. സതീശൻ തന്നെ വിളിക്കുകയും പരസ്പരം ആശയവിനിമയം നടത്തുകയും ചെയ്തതിട്ടുണ്ട്. പാർട്ടിയെ ക്ഷീണിപ്പിക്കുന്ന ഒരു തരത്തിലുമുള്ള പ്രവർത്തനവും ഭൂഷണമല്ല. ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിലിരിക്കുന്നവർ അതിന് മുതിരുമെന്ന് ഒരിക്കലും കരുതുന്നില്ല. ആക്ഷേപമുണ്ടെങ്കിൽ അത് നേതൃത്വത്തെ ധരിപ്പിക്കാൻ എല്ലാവർക്കും സ്വാതന്ത്ര്യമുണ്ട്. തികഞ്ഞ ഐക്യത്തോടെയാണ് കോൺഗ്രസ് നേതൃത്വം മുന്നോട്ട് പോകുന്നത്. അതിൽ വിള്ളലുണ്ടാക്കാൻ ആരു ശ്രമിച്ചാലും വിലപ്പോകില്ലെന്നും സുധാകരൻ പറഞ്ഞു.