തിരുവനന്തപുരം: തിക്കും തിരക്കും ഒഴിവാക്കി അല്പം വിശ്രമിക്കാനെത്തുവർക്കും പ്രഭാത - സായാഹ്ന സവാരി നടത്തുന്നവർക്കും ഇനി പുത്തരിക്കണ്ടം മൈതാനത്തെത്താം. ആധുനിക സൗകര്യങ്ങൾക്കൊപ്പം സുരക്ഷയ്‌ക്ക് കൂടി മുൻഗണന നൽകി മൈതാനത്തെ പുത്തനാക്കാൻ ഒരുങ്ങുകയാണ് നഗരസഭ. 8.13 ഏക്കർ സ്ഥലത്താണ് നവീകരണം നടക്കുന്നത്. ഗ്രൗണ്ടിന് ചുറ്റും ഗ്രാനൈറ്റുകൾ പാകിയ നടപ്പാത സജ്ജീകരിക്കും. നിലവിലുള്ള ടോയ്ലെറ്റ് പുതുക്കിപ്പണിയുന്നതിനൊപ്പം പുതിയ രണ്ട് ബ്ലോക്കുകൾ കൂടി നിർമ്മിക്കും.

പൂന്തോട്ടവും ചെടികളും വച്ചുപിടിപ്പിച്ച് സൗന്ദര്യവത്കരണവും നടത്തുന്നത് കൂടാതെ കലാപരമായ നിർമ്മാണങ്ങളുമുണ്ടാകും. ഇരിക്കുന്നതിനുള്ള ബെഞ്ചുകൾ, ബൊള്ളാർഡ് വിളക്കുകൾ, വി.ഐ.പികൾക്കുള്ള മുറികൾ എന്നിവയും നിർമ്മിച്ചിട്ടുണ്ട്. സ്‌മാർട്ട് സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തി 16 കോടി രൂപ ചെലവഴിച്ചാണ് നവീകരണം നടക്കുന്നത്. പദ്ധതി പൂർത്തിയാക്കി മാർച്ചിൽ തുറന്നുകൊടുക്കുകയാണ് ലക്ഷ്യം.

ഇവിടെയുണ്ടായിരുന്ന ഓപ്പൺ എയർതിയേറ്ററിന്റെ നവീകരണവും അവസാനഘട്ടത്തിലാണ്. നിലവിലുണ്ടായിരുന്ന വേദി നവീകരിച്ച് ഇരുവശത്തും സ്ഥാപിച്ച ഗാലറികളിൽ ആയിരത്തിലേറെ പേർക്ക് ഇരിക്കാം. വേദിക്ക് മൂന്നിലും സദസ് ഒരുക്കാം. പഴയതുപോലെ ആയിരക്കണക്കിന് പേർ പങ്കെടുക്കുന്ന പരിപാടികൾ നടത്താനുള്ള സൗകര്യവും ഇവിടെയുണ്ടാകും. ഗാലറിയുടെ താഴത്തെ ഭാഗത്ത് 16 കടകളും ഒരുക്കുന്നുണ്ട്. കൊവിഡ് വ്യാപനത്തെ തുടർന്ന് നിലച്ച നിർമ്മാണം അടുത്തിടെയാണ് പുനരാരംഭിച്ചത്.

സ്ഥലം - 8.13 ഏക്കർ

പദ്ധതിത്തുക -16 കോടി

പദ്ധതിയിലുള്ളത്

-----------------------------

സാധാരണ രീതിയിലുള്ള നടപാതകൾക്ക് പകരം ഗ്രാനൈറ്റ് പാകിയ നടപ്പാതകളാണ് സജ്ജീകരിക്കുന്നത്. ഇതോടൊപ്പം കുടിവെള്ള കിയോസ്ക്, ടോയ്ലെറ്റ്, ചെറിയ ഷെഡുകൾ, വിളക്കുകൾ തുടങ്ങിവയും സജ്ജീകരിക്കും. സി.സി.ടി.വി കാമറകൾ, വൈഫൈ, അത്യാവശ്യത്തിന് ഉപയോഗിക്കുന്ന കാൾ ബോക്‌സ്, അറിയിപ്പുകൾക്കുള്ള ഡിസ്‌പ്ലേ ബോർഡുകൾ എന്നിവയുമുണ്ടാകും.