ജീവനക്കാരുടെ വിന്യാസം മാർച്ച് 15 മുതൽ
തിരുവനന്തപുരം: കെട്ടിക്കിടക്കുന്ന വസ്തു തരംമാറ്റൽ അപേക്ഷകൾ തീർപ്പാക്കുന്ന ഊർജ്ജിത യജ്ഞം മാർച്ച് 15 ന് തുടങ്ങും. ഇതിനായി ജോലി ഭാരം കുറഞ്ഞ റവന്യു ജീവനക്കാരെ താത്കാലിക അടിസ്ഥാനത്തിൽ വിന്യസിക്കും. ഇന്നലെ ചേർന്ന റവന്യു സെക്രട്ടേറിയറ്ര് യോഗം ഇതിനുള്ള പ്രാഥമിക രൂപരേഖ തയ്യാറാക്കി.
താത്കാലിക അടിസ്ഥാനത്തിൽ 891തസ്തികകൾ സൃഷ്ടിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു. എന്നാൽ എംപ്ളോയ്മെന്റ് എക്സേഞ്ചിലൂടെയുള്ള നടപടികൾക്ക് രണ്ട് മാസം സമയമെടുക്കും. അതിനാലാണ് ബദൽ ക്രമീകരണം ഒരുക്കുന്നത്.
തീർപ്പാക്കാനുള്ള അപേക്ഷകളുടെ ബാഹുല്യത്തിന്റെ അടിസ്ഥാനത്തിൽ വില്ലേജ് ഓഫീസുകൾക്ക് വാഹനങ്ങൾ വാടകയ്ക്കെടുക്കാൻ ലാൻഡ് റവന്യുകമ്മിഷണറെ ചുമതലപ്പെടുത്തി. ഓരോ ജില്ലയിലും വാഹനം ലഭ്യമാക്കാനുള്ള ചുമതല കളക്ടർമാർക്കാണ്. ബുധനാഴ്ചകളിലെ റവന്യുസെക്രട്ടേറിയറ്റ് യോഗം അപേക്ഷ തീർപ്പാക്കലിന്റെ പുരോഗതി വിലയിരുത്തും.
മുതൽക്കൂട്ടാകാൻ റവന്യുസെക്രട്ടേറിയറ്റ്
റവന്യു വകുപ്പിന്റെ നിത്യേനയുള്ള പ്രവർത്തനങ്ങൾ റവന്യു സെക്രട്ടേറിയറ്റിലൂടെ സുതാര്യവും കാര്യക്ഷമവുമാക്കും. മന്ത്രി കെ. രാജന്റെ അദ്ധ്യക്ഷതയിലാവും പ്രതിവാര യോഗങ്ങൾ. അഡിഷണൽ ചീഫ് സെക്രട്ടറി, ലാൻഡ് റവന്യു കമ്മിഷണർ, ഹൗസിംഗ് ബോർഡ് സെക്രട്ടറി, ലാൻഡ് ബോർഡ് സെക്രട്ടറി, നിർമ്മിതി കേന്ദ്രം ഡയറക്ടർ, ഇൻസ്റ്രിറ്റ്യൂട്ട് ഒഫ് ലാൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് ഡയറക്ടർ തുടങ്ങിയവരാണ് സെക്രട്ടേറിയറ്റിലുള്ളത്.