തിരുവനന്തപുരം: വ്യത്യസ്ത തസ്തികകളിലെ പരീക്ഷയിലൂടെ സർവീസിലെത്തിയ എസ്.ഐമാരുടെ സംയുക്ത സീനിയോരിറ്റി പട്ടികയുണ്ടാക്കി പൊലീസിലെ ജനറൽ എക്സിക്യുട്ടീവ് എസ്.ഐമാരുടെ സീനിയോരിറ്റി അട്ടിമറിച്ചു. സ്‌പെഷൽ റൂൾസ് ഭേദഗതി ചെയ്ത് അനർഹരായവർക്കു സ്ഥാനക്കയ​റ്റം നൽകാനാണ് നീക്കം. ഇങ്ങനെയായാൽ നിലവിലെ സി.ഐമാരുടെയും ഡിവൈ.എസ്.പിമാരുടെയും മുകളിൽ ബറ്റാലിയനുകളിലെ റിസർവ് ഇൻസ്പെക്ടർമാർക്കും അസി.കമൻഡാന്റുമാർക്കും നിയമനം നൽകേണ്ട സ്ഥിതിയുണ്ടാവും. സർവീസ് കുറഞ്ഞവരെ സീനിയോരിറ്റിയുള്ളവർ സല്യൂട്ട് ചെയ്യേണ്ടിവരും.

2007, 2008 വർഷങ്ങളിൽ ജനറൽ എക്സിക്യൂട്ടീവ്, ജില്ലാ ആംഡ് റിസർവ് തസ്തികകളിൽ വ്യത്യസ്ത പരീക്ഷയെഴുതി ജോലിയിൽ പ്രവേശിച്ച എസ്‌.ഐമാരുടെ സീനിയോരി​റ്റി പട്ടികയാണ് ഒരുമിച്ചാക്കിയത്. എസ്.ഐമാരുടെ സംസ്ഥാനതല സീനിയോരിറ്റി പട്ടിക സെപ്തംബറിൽ പൊലീസ് ആസ്ഥാനത്തെ എ.ഐ.ജി എസ്.ഹരിശങ്കർ പുറത്തിറക്കിയിരുന്നു. ഇതിനെതിരെ ജനറൽ എക്സിക്യുട്ടീവ് എസ്.ഐമാർ അഡ്‌മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ച് സ്റ്റേ നേടി. എന്നാൽ സ്പെഷ്യൽ റൂൾ ഭേദഗതി ചെയ്യാൻ പൊലീസ് നേതൃത്വം പി.എസ്.സിക്ക് ശുപാർശ നൽകി. രണ്ട് തസ്തികകൾക്കും രണ്ട് കാറ്റഗറി നമ്പർ പ്രകാരമുള്ള വിജ്ഞാപനമായതിനാൽ ഭേദഗതിക്ക് നിയമപ്രാബല്യമുണ്ടാകുമോയെന്ന് പി.എസ്.സിക്കും സംശയമുണ്ട്. ഭേദഗതി വന്നാൽ 2010നുശേഷമുള്ള എസ്.ഐമാരുടെ സ്ഥാനക്കയറ്റത്തെ ബാധിക്കും.