തിരുവനന്തപുരം: പ്രകൃതിക്ഷോഭത്തിൽ തകർന്ന വീടിന് സഹായം അനുവദിക്കുന്നതിന് ഡെപ്യൂട്ടി തഹസിൽദാർ കൈക്കൂലി ചോദിച്ചെന്ന പരാതിയിൽ, പരാതിക്കാരിക്ക് സർക്കാർ അരലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ലോകായുക്ത ഉത്തരവ്. നെടുമങ്ങാട്, വെള്ളനാട് പുതുക്കുളങ്ങര വിളയിൽ വീട്ടിൽ ഓമനയാണ് (62) പരാതിക്കാരി.

സംഭവത്തെക്കുറിച്ച് അന്വേഷിച്ചശേഷമാണ് പരാതിക്കാരിക്ക് 50,000 രൂപയും 2017 നവംബർ മുതലുള്ള കാലയളവിലെ ആറ് ശതമാനം പലിശയും നൽകാൻ റവന്യൂ സെക്രട്ടറിക്ക് ഉത്തരവ് നൽകിയത്. നഷ്ടപരിഹാരം രണ്ട് മാസത്തിനുള്ളിൽ നൽകിയില്ലെങ്കിൽ 9 ശതമാനം പലിശ നൽകണം. കേസ് മേയ് 20ന് വീണ്ടും പരിഗണിക്കും.

84 വയസായ അമ്മയ്ക്കൊപ്പമാണ് ഓമന താമസിച്ചിരുന്നത്. 2014 മേയിലെ പ്രകൃതിക്ഷോഭത്തിലാണ് ഇവരുടെ വീട് ഭാഗികമായി തകർന്നത്. സ്ഥലം സന്ദർശിച്ച വില്ലേജ് ഓഫീസർ 15,000 രൂപ നഷ്ടപരിഹാരം നിശ്ചയിച്ച് കാട്ടാക്കട തഹസിൽദാർക്ക് റിപ്പോർട്ട് നൽകി. എന്നാൽ ഡെപ്യൂട്ടി തഹസിൽദാർ ഇത് 3000 രൂപയായി കുറച്ചു. കൈക്കൂലി നൽകാത്തതിനാലാണ് നഷ്ടപരിഹാരം കുറച്ചതെന്ന് കാണിച്ചാണ് പരാതിക്കാരി ലോകായുക്തയിൽ പരാതി നൽകിയത്.

അതിനിടെ മൂന്നുമാസത്തിനു ശേഷം ഇവരുടെ വീട് പൂർണമായി തകർന്നു. പിന്നീട് ചെറിയ ഓല ഷെഡ്ഡിലാണ് താമസിച്ചത്. 2019 ൽ പരാതിക്കാരിയുടെ അമ്മയും മരിച്ചു.