dd

തിരുവനന്തപുരം: മ്യൂസിയം - നന്ദാവനം - ബേക്കറി ജംഗ്ഷൻ റോഡിന് 'സുഗതകുമാരി വീഥി'യെന്ന് പേര് നൽകുന്നതിനൊപ്പം തലസ്ഥാന നഗരത്തിന്റെ സാംസ്‌ക്കാരിക ഇടനാഴിയാക്കാനും ഒരുങ്ങി നഗരസഭ. ഇതുസംബന്ധിച്ച കത്ത് മേയർ ആര്യാ രാജേന്ദ്രൻ മന്ത്രി മുഹമ്മദ് റിയാസിന് അയച്ചു. കേരളകൗമുദി തുടർച്ചയായി പ്രസിദ്ധീകരിച്ച റിപ്പോർട്ടുകളെ തുടർന്നാണ് നടപടി. ഇതോടെ മാനവീയം വീഥിക്കൊപ്പം നഗരത്തിൽ മറ്റൊരു സാംസ്‌കാരിക ഇടനാഴി ടി നിലവിൽ വരും. വരുംദിവസങ്ങളിൽ നടക്കുന്ന ചർച്ചകൾക്ക് ശേഷമാകും തുടർനടപടികൾ. സുഗതകുമാരി ടീച്ചറുടെ സ്‌മരണ നിലനിറുത്തുന്ന തരത്തിൽ മ്യൂസിയം - നന്ദാവനം - ബേക്കറി ജംഗ്ഷൻ റോഡിന് നാമകരണം നടത്തി മുന്നോട്ടുപോകേണ്ടത് അനിവാര്യതയാണെന്ന് മേയർ മന്ത്രിക്കയച്ച കത്തിൽ പറയുന്നു.പൊതുമരാമത്ത് വകുപ്പും റോഡ് ഫണ്ട് ബോർഡും നഗരസഭയും സംയുക്തമായി കൂടിയാലോചന നടത്തി മുന്നോട്ടുപോകേണ്ടതുണ്ട്. തുടർ ആലോചനകൾക്കായി മന്ത്രിയുടെ സമയം അറിയിക്കണമെന്നും റോഡിനെ സാംസ്‌ക്കാരിക ഇടനാഴിയാക്കി മാറ്റിയെടുക്കാനുളള ഇടപെടൽ നടത്തണമെന്നും കത്തിൽ പറയുന്നു.

സുഗതകുമാരിയുടെ വീടായ 'വരദ' ഉൾപ്പെടെ സ്ഥിതി ചെയ്യുന്നത് മ്യൂസിയം - നന്ദാവനം - ബേക്കറി ജംഗ്ഷൻ റോഡിലാണ്.റോഡിന് 'സുഗതകുമാരി വീഥി'യെന്ന പേര് നൽകണമെന്ന് കഴിഞ്ഞ വർഷം ജനുവരിയിൽ നഗരസഭ പ്രമേയം പാസാക്കിയിരുന്നു.പാളയം രാജനാണ് അന്ന് പ്രമേയം അവതരിപ്പിച്ചത്.വർഷം ഒന്ന് കഴിഞ്ഞിട്ടും ജലരേഖയായി മാറുകയായിരുന്ന നഗരസഭയുടെ പ്രഖ്യാപനം ആദ്യം റിപ്പോർട്ട് ചെയ്‌തത് കേരളകൗമുദിയായിരുന്നു. നഗരത്തിന്റെ സാംസ്‌ക്കാരിക മുഖമായിരുന്ന സുഗതകുമാരി ടീച്ചറോട് നഗരസഭ കാണിച്ച അനീതിയിൽ അവരോടൊപ്പം പ്രവർത്തിച്ചവർക്കും കടുത്ത അമർ‌ഷമുണ്ടായിരുന്നു.