
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് പണം അനുവദിക്കാനുള്ള തീരുമാനം മന്ത്രിസഭാ യോഗത്തിന്റേതായിരിക്കെ, മുഖ്യമന്ത്രിയോ മന്ത്രിമാരോ സ്വജനപക്ഷപാതം കാട്ടിയെന്ന് എങ്ങനെ പറയാനാവുമെന്ന് ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് ചോദിച്ചു.
കാകദൃഷ്ടിയോടെ ഇത്തരം സംഭവങ്ങളെ കാണരുത്. ആരോപണം തെളിയിക്കാൻ തക്കതായ രേഖകളോ കോടതി ഉത്തരവുകളോ ഉണ്ടോയെന്നും ലോകായുക്ത ആരാഞ്ഞു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ഫണ്ട് ദുരുപയോഗം ചെയ്തതിനെതിരായ ഹർജി പരിഗണിക്കവേയാണ് ലോകായുക്തയുടെ ഈ നിരീക്ഷണങ്ങൾ. തുടർവാദം മാർച്ച് മൂന്നിനാണ്.
സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ വാഹനത്തിന് അകമ്പടി പോകുന്നതിനിടെ അപകടത്തിൽ മരണപ്പെട്ട പൊലീസ് ഉദ്യോഗസ്ഥൻ പ്രവീൺ ഔദ്യോഗിക കൃത്യനിർവഹണത്തിനിടെയാണ് മരിച്ചത്. പ്രവീണിന്റെ ഭാര്യയ്ക്ക് സർക്കാർ സെക്രട്ടേറിയറ്റിൽ ജോലി നൽകി. ഇതിൽ തെറ്റുണ്ടോയെന്ന് ലോകായുക്ത ചോദിച്ചു. സമാനമായ സാഹചര്യങ്ങളിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ഇത്തരം ആനുകൂല്യം നൽകിയിരുന്നതായി ഹർജിക്കാരുടെ അഭിഭാഷകൻ ജോർജ് പൂന്തോട്ടം മറുപടി നൽകി. ദുരിതാശ്വാസനിധിയിൽ നിന്ന് തുക അനുവദിക്കാനുള്ള മന്ത്രിസഭാതീരുമാനം ലോകായുക്തയിൽ ചോദ്യംചെയ്യപ്പെടാൻ പാടില്ലെന്ന് സർക്കാർ അറ്റോർണി ടി.എ. ഷാജി വാദിച്ചു. എന്നാൽ മന്ത്രി ഒറ്റയ്ക്കോ മന്ത്രിസഭ കൂട്ടായോ കൈക്കൊള്ളുന്ന തീരുമാനങ്ങൾക്ക് മന്ത്രിമാർ ഉത്തരവാദികളാണെന്നും, പൊതുപ്രവർത്തകരെന്ന നിലയിൽ മന്ത്രിമാർ ലോകായുക്തയുടെ പരിധിയിൽ വരുമെന്നും ജോർജ്ജ് പൂന്തോട്ടം വാദിച്ചു. ചട്ടപ്രകാരമാണ് തുക അനുവദിച്ചതെന്നും സി.എം.ഡി.ആർ.എഫ് ചട്ടഭേദഗതി അനുസരിച്ച് മുഖ്യമന്ത്രിക്ക് മൂന്ന് ലക്ഷം രൂപ വരെ വ്യക്തിപരമായി അനുവദിക്കാമെന്നും, മന്ത്രിസഭാ തീരുമാനപ്രകാരം എത്ര വലിയ തുക വേണമെങ്കിലും അനുവദിക്കാമെന്നും സർക്കാർ അറ്റോർണി വാദിച്ചു.
എൻ.സി.പി നേതാവ് ഉഴവൂർ വിജയന്റെയും ചെങ്ങന്നൂർ മുൻ എം.എൽ.എ കെ.കെ.രാമചന്ദ്രൻ നായരുടെയും കുടുംബത്തിനും, സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വാഹനത്തിന് അകമ്പടി പോകുന്നതിനിടയിൽ അപകടത്തിൽ മരണപ്പെട്ട പൊലീസുകാരന്റെ കുടുംബത്തിനും ദുരിതാശ്വാസ നിധിയിൽനിന്ന് സഹായം നൽകിയതിനെതിരെ സേവ് യൂണിവേഴ്സിറ്റി കാമ്പെയിൻ കമ്മിറ്റി ചെയർമാൻ ആർ.എസ്.ശശികുമാറാണ് ലോകായുക്തയെ സമീപിച്ചത്.
വാദം കേൾക്കണോയെന്ന് ഉപലോകായുക്ത, അധികാരമുണ്ടെന്ന് ലോകായുക്ത
ലോകായുക്താ നിയമം ഓർഡിനൻസിലൂടെ ഭേദഗതി ചെയ്തതിനാൽ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും അയോഗ്യരാക്കണമെന്ന ഹർജിയിൽ ലോകായുക്ത തുടർവാദം കേൾക്കുന്നത് ആശാസ്യമാണോയെന്ന് ഉപലോകായുക്ത ജസ്റ്റിസ് ഹാറൂൺ- അൽ-റഷീദ് സംശയം പ്രകടിപ്പിച്ചു. എന്നാലിത് ലോകായുക്തയുടെ അധികാരപരിധിയിൽ വരുന്നതാണെന്ന് ജസ്റ്റിസ് സിറിയക് ജോസഫ് നിരീക്ഷിച്ചു. ലോകായുക്തയുടെ അധികാരങ്ങൾ വെട്ടിക്കുറച്ചിട്ടില്ലെന്നും പൊതുപ്രവർത്തകരെ അയോഗ്യരായി പ്രഖ്യാപിക്കാൻ സെക്ഷൻ 14 പ്രകാരം ലോകായുക്തയ്ക്ക് ഇപ്പോഴും അധികാരമുണ്ടെന്നുമുള്ള ഹർജിക്കാരന്റെ അഭിഭാഷകന്റെ അഭിപ്രായത്തോട് ലോകായുക്ത യോജിച്ചു.