cpm

 മുഖ്യമന്ത്രി തറക്കല്ലിട്ടു

തിരുവനന്തപുരം: സി.പി.എം സംസ്ഥാന കമ്മിറ്റിക്ക് തലസ്ഥാനത്ത് പുതിയ കെട്ടിടം പണിയുന്നു. ഒമ്പത് നില കെട്ടിടമാണ് നിർമ്മിക്കുന്നതെങ്കിലും നിലവിൽ ആറ് നിലയേ പണിയൂ. മൂന്നു നിലകൾക്ക് എയർപോർട്ട് അതോറിട്ടിയുടെ അനുമതി ലഭിക്കാനുണ്ട്. കെട്ടിടത്തിന്റെ തറക്കല്ലിടൽ ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. പാർട്ടി ആസ്ഥാനമായ എ.കെ.ജി സെന്ററിന് സമീപത്ത് വാങ്ങിയ സ്ഥലത്താണ് പുതിയ മന്ദിരം നിർമ്മിക്കുന്നത്. 58,500 ചതുരശ്ര അടി വിസ്തീർണത്തിലാണ് കെട്ടിടം നിർമ്മിക്കുന്നത്. രണ്ട് ബേസ്‌മെന്റ് ഫ്ളോറുകളുണ്ട്. പൂർണമായും ഹരിത കെട്ടിടം എന്ന ആശയം മുൻനിറുത്തിയാണ് രൂപകല്പന. അറുപതിലേറെ കാറുകൾ പാർക്ക് ചെയ്യാനാകും. വൈദ്യുതി സ്വയംപര്യപ്തതയ്ക്കായി സോളാർ പാനലുകൾ സ്ഥാപിക്കും. ആധുനിക വിവര സാങ്കേതിക സൗകര്യങ്ങളും ആധുനിക സാങ്കേതിക സംവിധാനങ്ങളും പുതിയ മന്ദിരത്തിലുണ്ടാകുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. രണ്ട് വർഷത്തിനുളിൽ നിർമ്മാണം പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സംസ്ഥാന കമ്മിറ്റി ഓഫീസ് പുതിയ മന്ദിരത്തിലേക്ക് മാറുന്നതോടെ എ.കെ.ജി സെന്റർ പ്രഖ്യാപിത പഠനഗവേഷണ കേന്ദ്രമായി കൂടുതൽ വിപുലമാക്കുമെന്നും കോടിയേരി പറഞ്ഞു. പാർട്ടിയുടെ ചരിത്രത്തിൽ ഏറ്റവും ധന്യമായ മുഹൂർത്തമാണിതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പൊളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രൻ പിള്ള കെട്ടിടത്തിന്റെ രൂപരേഖ പ്രകാശനം ചെയ്തു. പൈലിംഗ് ജോലികളുടെ ഉദ്ഘാടനം ബേബി നിർവഹിച്ചു. കേന്ദ്ര കമ്മിറ്റിയംഗം എ. വിജരാഘവൻ, എ.കെ. ബാലൻ, കെ.കെ. ശൈലജ, ആനത്തലവട്ടം ആനന്ദൻ തുടങ്ങിയവർ പങ്കെടുത്തു.