
കളക്ടർമാരുടെ നേതൃത്വത്തിൽ സൂപ്പർചെക്ക്
തദ്ദേശവകുപ്പിലുള്ളവരെ സൂപ്പർചെക്കിന് നിയോഗിക്കില്ല
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ സമ്പൂർണപാർപ്പിട പദ്ധതിയായ ലൈഫിൽ പുതിയ ഗുണഭോക്താക്കളെ ഉൾപ്പെടുത്തിയുള്ള കരട് പട്ടിക ഈ മാസം പ്രസിദ്ധീകരിക്കില്ല. ഇത് മൂന്നാംവട്ടമാണ് കരട് പട്ടിക പ്രസിദ്ധീകരിക്കുന്നതിനുള്ള തീയതി നീട്ടിവയ്ക്കുന്നത്. മാർച്ച് 15ന് കരട് പട്ടിക പ്രസിദ്ധീകരിക്കാണ് പുതിയ തീരുമാനം. തദ്ദേശ, കൃഷി വകുപ്പുകളുടെ തർക്കത്തെ തുടർന്ന് ലൈഫ് അപേക്ഷാ പരിശോധന നേരത്തെ വിവാദമായിരുന്നു. പ്രാഥമിക പരിശോധന പൂർത്തിയാക്കി ഉദ്യോഗസ്ഥർ തയ്യാറാക്കിയ പട്ടികയിൽ ജില്ലാ കളക്ടർമാരുടെ മേൽനോട്ടത്തിൽ സൂപ്പർചെക്ക് നടത്താനും തീരുമാനിച്ചു. പ്രാഥമിക പരിശോധന നടത്തിയ തദ്ദേശവകുപ്പിലെ ജീവനക്കാരെയും ഐ.സി.ഡി.എസ് സൂപ്പർവൈസർമാരെയും ഒഴിവാക്കി മറ്റുവകുപ്പുകളിലെ ജൂനിയർ സൂപ്രണ്ട് വരെയുള്ളവരെ കളക്ടർമാർ നിയോഗിച്ച് മാർച്ച് 15ന് മുമ്പ് വാർഡുതല പുനഃപരിശോധന പൂർത്തിയാക്കണമെന്നാണ് പുതിയ ഉത്തരവ്. ആദ്യമായാണ് ഗുണഭോക്തൃപട്ടിക തയ്യാറാക്കുന്നതിന് മുന്നോടിയായി സൂപ്പർചെക്ക് നടത്തുന്നത്. പ്രാഥമിക പട്ടികയിൽ അനർഹരായവർ കടന്നുകൂടിയിട്ടില്ലെന്ന് ഉറപ്പിക്കുകയാണ് സൂപ്പർചെക്കിന്റെ ലക്ഷ്യം. തുടർനടപടികൾ പൂർത്തിയാക്കി ഏപ്രിൽ 30ന് അന്തിമപട്ടിക പ്രസിദ്ധീകരിക്കാനാണ് നിശ്ചയിച്ചിരിക്കുന്നത്. 9,20,260 പേരാണ് അപേക്ഷ നൽകി കാത്തിരിക്കുന്നത്.
തർക്കത്തിൽ നീണ്ടത് മൂന്നുമാസം
ഡിസംബർ ഒന്നിനാണ് ആദ്യം കരട് പട്ടിക പ്രസിദ്ധീകരിക്കാൻ നിശ്ചയിച്ചത്. എന്നാൽ ഫീൽഡുതല പരിശോധനയ്ക്ക് കൃഷിവകുപ്പിന്റെ അനുമതിയില്ലാതെ കൃഷി അസിസ്റ്റന്റുമാരെ തദ്ദേശവകുപ്പ് നിയോഗിച്ചത് വിവാദമായി. തുടർന്ന് പരിശോധന പൂർത്തിയാക്കാൻ ഡിസംബർ 19വരെ നീട്ടി നൽകിയെങ്കിലും തർക്കം അവസാനിച്ചില്ല. മന്ത്രിസഭായോഗത്തിൽ ഉൾപ്പെടെ ചർച്ചചെയ്ത വിഷയത്തിൽ ഇരുവകുപ്പുകളുടെയും മന്ത്രിമാർ പരസ്പരം വാദപ്രതിവാദങ്ങളിലും ഏർപ്പെട്ടു. ഇതോടെ തദ്ദേശവകുപ്പ് ഒറ്റയ്ക്ക് പരിശോധന പൂർത്തിയാക്കുമെന്നും ഈമാസം 28ന് കരട് പട്ടിക പ്രസിദ്ധീകരിക്കുമെന്നും പ്രഖ്യാപിക്കുകയായിരുന്നു.
അനർഹരായവരെ പൂർണമായി ഒഴിവാക്കും. നടപടികൾ വേഗത്തിൽ പൂർത്തിയാക്കി മാർച്ച് 15ന് കരട് പട്ടിക പ്രസിദ്ധീകരിക്കും.
പി.ബി.നൂഹ്,
സി.ഇ.ഒ, ലൈഫ് മിഷൻ