mm

തിരുവനന്തപുരം: ബാലരാമപുരത്തിനടുത്ത് സ്‌കൂൾ കുട്ടികളെ ഗുഡ്സ് ഓട്ടോയിൽ കയറ്റിക്കൊണ്ടുപോയ സംഭവത്തിൽ ഡ്രൈവർക്കെതിരെ മോട്ടോർ വാഹനവകുപ്പ് നടപടി സ്വീകരിച്ചതിന്റെ കാരണം വിശദീകരിച്ച് മോട്ടോർ വാഹന വകുപ്പ് രംഗത്തെത്തി.

വളരെ ചെറിയ ചരക്കുകൾ കയറ്റാൻ മാത്രം ഡിസൈൻ ചെയ്യപ്പെട്ടിട്ടുള്ള പെട്ടി ഓട്ടോയിലെ കേവലം ഒരടി മാത്രം ഉയരമുള്ള ചരക്ക് കയറ്റുന്ന പെട്ടിയിൽ കാലികളെക്കാൾ മോശമായി യാത്ര നടത്തിയതിനെ എങ്ങനെ ന്യായീകരിക്കുമെന്നാണ് ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ എം.വി.ഡി ചോദിക്കുന്നത്. കുട്ടികളെ ശ്രദ്ധിക്കാൻ ഓട്ടത്തിനിടയിൽ ഡ്രൈവർക്ക് പറ്റില്ല. ശരിയായ ഒരു കൈപ്പിടിപോലുമില്ലാതെയാണ് കുട്ടികൾ ആ വണ്ടിയിൽ യാത്ര ചെയ്തിരുന്നത്.

വാഹനം പെട്ടെന്ന് ബ്രേക്ക് ചെയ്യേണ്ടിവരികയോ വെട്ടിത്തിരിക്കുകയോ ചെയ്യുമ്പോഴോ ഒരു കുട്ടിയുടെ ബാലൻസ് തെറ്റിയാൽ അടുത്തയാളെ പിടിച്ച് രക്ഷപ്പെടാൻ ശ്രമിക്കുന്നത് ഒരു ചെയിൻ റിയാക്ഷന്റെ ഫലം ചെയ്യുകയും ആ അപകടത്തിന്റെ ദാരുണഭാവം നമ്മുടെ സങ്കല്പങ്ങൾക്കും അപ്പുറത്തായിരിക്കുമെന്നും വിസ്‌മരിക്കരുത്. ഏറ്റവും വിലപ്പെട്ടതാണ് കുട്ടികളുടെ ആരോഗ്യവും ജീവനും. അതിനാൽ ഏറ്റവും മുന്തിയ പരിഗണന തന്നെ കുട്ടികൾക്ക് നാം റോഡിൽ നൽകണം. അറിവില്ലായ്‌മയല്ല, അത് അവകാശമാക്കുവാൻ ശ്രമിക്കുന്നവരാണ് യഥാർത്ഥ ദുരന്ത വ്യാപാരികളെന്നും ' ന്യായീകരിക്കാനാകില്ല ഈ അപകടയാത്രയെ ' എന്ന തലക്കെട്ടിലുള്ള കുറിപ്പിൽ എം.വി.ഡി ഓർമ്മിപ്പിക്കുന്നു.