cpm

തിരുവനന്തപുരം: പ്രത്യയശാസ്ത്ര തർക്കങ്ങളുടെയോ നേതൃതലത്തിലെ വിഭാഗീയതകളുടെയോ അലട്ടലില്ലാതെ മറ്റൊരു സംസ്ഥാന സമ്മേളനത്തിലേക്ക് സി.പി.എം. കഴിഞ്ഞ തൃശൂർ സമ്മേളനത്തിലേതിനു സമാനമായ ശാന്തതയാണ് മാർച്ച് ഒന്നിന് എറണാകുളം സമ്മേളനത്തിലേക്കു കടക്കുമ്പോൾ സി.പി.എമ്മിൽ. 2005ലെ മലപ്പുറം സമ്മേളനം തൊട്ട് 2015ലെ ആലപ്പുഴ സമ്മേളനം വരെ പാർട്ടി നേരിട്ട കടുത്ത വിഭാഗീയത ഇപ്പോഴില്ല. പാർട്ടിയും ഭരണവും രണ്ടുവഴിക്കെന്ന അവസ്ഥയുമില്ല. ഏകശിലാരൂപമായി പാർട്ടിയും ഭരണവും നീങ്ങുന്നുവെന്നതിന്റെ സൂചനയാണ് പതിനാല് ജില്ലാ സമ്മേളനങ്ങളും തർക്കങ്ങളോ മത്സരങ്ങളോ ഇല്ലാതെ പൂർത്തിയാക്കാനായത്.

അതേസമയം,​ പ്രാദേശികതലങ്ങളിൽ ഉരുണ്ടുകൂടുന്ന തർക്കങ്ങളെ പാർട്ടി നേതൃത്വം ജാഗ്രതയോടെ ഉറ്റുനോക്കുന്നു. പ്രാദേശികമായുള്ള തർക്കങ്ങൾക്ക് പ്രത്യയശാസ്ത്രത്തിന്റെ പിൻബലമല്ല എന്നതാണ് ബ്രാഞ്ചുതലം മുതലുള്ള സമ്മേളനങ്ങൾ പൂർത്തിയായപ്പോൾ പാർട്ടി അഭിമുഖീകരിക്കുന്നത്. പ്രവർത്തകർക്കിടയിൽ ഉരുണ്ടുകൂടുന്ന അധികാരത്തർക്കങ്ങളാണ് ഏറെയും.

തുടർഭരണം പാർട്ടി ഉത്തരവാദിത്വങ്ങൾക്കു മേൽ ഉയർത്തുന്ന വെല്ലുവിളികൾ ഒരു വശത്തുണ്ട്. ഭരണത്തുടർച്ച ലഭിച്ചതോടെ കീഴ്ഘടകങ്ങൾ പ്രാദേശിക അധികാര കേന്ദ്രങ്ങളാവുന്നതിന്റെ പ്രശ്നങ്ങളുമുണ്ട്. ദൈനംദിന ഭരണകാര്യങ്ങളിൽ സഖാക്കൾ ഇടപെടരുതെന്നും,​ സമൂഹത്തിന് മാതൃകയാവുന്ന പ്രവർത്തനങ്ങളിലൂടെ സജീവമാകണമെന്നും ഓർമ്മിപ്പിക്കുന്ന പാർട്ടി സംസ്ഥാന കമ്മിറ്റി മാർഗരേഖ നിലവിലുണ്ട്. അപ്പോഴും ലോക്കൽ കമ്മിറ്റികൾ വരെയുള്ള ഘടകങ്ങളിൽ ഇത്തരത്തിൽ നേരിടേണ്ടി വരുന്ന വെല്ലുവിളികളുണ്ട്. സംസ്ഥാനസമ്മേളനം ചർച്ച ചെയ്യുന്നത് ഇത്തരം പ്രശ്നങ്ങൾ കൂടിയായിരിക്കും.

തുടർഭരണത്തിന്റെ പശ്ചാത്തലത്തിൽ ഭരണനേതൃത്വം സ്വാഭാവികമായി അഭിമുഖീകരിക്കേണ്ടിവരുന്ന രാഷ്ട്രീയ വിവാദങ്ങൾ ഇതുവരെ നടന്ന പാർട്ടി സമ്മേളനങ്ങളിലും ചർച്ചയായിട്ടുണ്ട്. പ്രധാനമായും പൊലീസിനെതിരെ ഉയർന്ന വിമർശനങ്ങൾ. ആരോഗ്യവകുപ്പിനു നേരെയും വിമർശനങ്ങളുണ്ടായി. ബ്രാഞ്ച് കമ്മിറ്റികളുടെ വിഭജന വിഷയത്തിലടക്കം തർക്കങ്ങൾ കാണേണ്ടിവന്ന ജില്ലകളാണ് പാലക്കാടും ആലപ്പുഴയും. സംസ്ഥാന സമ്മേളനത്തിൽ അവതരിപ്പിക്കാൻ പോകുന്ന സംഘടനാ റിപ്പോർട്ടിൽ ഈ രണ്ട് ജില്ലകളെക്കുറിച്ചും എടുത്തുപറയുന്നുണ്ട്.