
തിരുവനന്തപുരം: കൊവിഡ് കുറഞ്ഞ സാഹചര്യത്തിൽ സംസ്ഥാനത്ത് നിയന്ത്രണങ്ങൾ പിൻവലിക്കുന്നത് പരിഗണനയിൽ. പൊതുയിടങ്ങളിൽ മാസ്ക് ഉൾപ്പെടെയുള്ളവ പിൻവലിക്കാൻ വൈകുമെങ്കിലും മറ്റ് നിയന്ത്രണങ്ങൾ മാറ്റുന്നതാണ് നിലവിൽ ആലോചിക്കുന്നത്. മൂന്നാം തരംഗം ഫെബ്രുവരി രണ്ടാംവാരത്തോടെ നിയന്ത്രണവിധേയമായി. മാത്രമല്ല മൂന്നാംതരംഗ വ്യാപനം പ്രതീക്ഷിച്ച രീതിയിൽ രൂക്ഷാമാകാതെ നിയന്ത്രിക്കാനും സംസ്ഥാനത്തിനായി. ഇതോടെ സംസ്ഥാനത്തെ സ്കൂളുകൾ 14 മുതൽ തുറക്കുകയും അടുത്തയാഴ്ച മുതൽ കൊവിഡിന് മുൻപുള്ളതുപോലെ പ്രവർത്തിക്കാൻ തീരുമാനിക്കുകയും ചെയ്തു. വാണിജ്യ, വ്യാപാര സ്ഥാപനങ്ങളും മാളുകളും സ്വയംനിയന്ത്രണ സ്ഥിതിയിലാണ് പ്രവർത്തിക്കുന്നത്. ആരാധാനലയങ്ങൾക്കും ഇളവ് നൽകിയിട്ടുണ്ട്. വിവാഹം, മരണാനന്തര ചടങ്ങുകൾ എന്നിവയ്ക്ക് 1500 പേർക്ക് വരെ പങ്കെടുക്കാം. ഉത്സവങ്ങൾക്ക് കലാപരിപാടികൾ ഉൾപ്പെടെ നടത്താം. ജീവിതം സാധാരണനിലയിലേക്ക് മാറിതുടങ്ങുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ പതിയെ പിൻവലിക്കുന്നതാണ് സർക്കാരിന്റെ പരിഗണനയിലുള്ളത്. കൊവിഡ് വ്യാപനതോത് സംസ്ഥാനത്ത് എട്ട് ശതമാനത്തിൽ താഴെയാണ്. ഒരുമാസത്തിനുള്ളിൽ കൊവിഡ് വ്യാപനത്തിൽ നിന്ന് മുക്തമാകാൻ കഴിയുമെന്ന പ്രതീക്ഷയാണുള്ളത്. തീയേറ്ററുകളും ബാറുകളും പഴയപടി പ്രവർത്തിക്കാൻ അനുവാദം നൽകിയേക്കും. അതേ സമയം രാജ്യത്ത് കൊവിഡ് കേസുകൾ കുറയുന്നതിനാൽ നിയന്ത്രണങ്ങളിൽ ഇളവ് വരുത്താൻ കേന്ദ്രം സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും ഇന്നലെ നിർദ്ദേശം നൽകി. ആശുപത്രികൾ ഏത് സമയത്തും അടിയന്തര സേവനങ്ങൾക്ക് സജ്ജമായിരിക്കണമെന്നും സാഹചര്യം സൂക്ഷ്മമായി വിശകലനം ചെയ്ത ശേഷം നിയന്ത്രണങ്ങളിൽ ഇളവ് വരുത്താമെന്നും കേന്ദ്രം അറിയിച്ചു. മാസ്‌ക് ധരിക്കൽ, സാമൂഹിക അകലം, ശുചിത്വം, അടച്ച സ്ഥലങ്ങളിൽ വായുസഞ്ചാരം എന്നിവ നിർബന്ധമാക്കുന്നത് തുടരണമെന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല നൽകിയ മാർഗനിർദ്ദേശത്തിൽ പറയുന്നു. മാസ്ക് ഒഴിവാക്കാൻ അനുവദിക്കണമെന്ന മഹാരാഷ്ട്ര സർക്കാരിന്റെ അഭ്യർത്ഥന കേന്ദ്രം അംഗീകരിച്ചില്ല.