തിരുവനന്തപുരം: ബാട്ടൺഹില്ലിലെ ഗവ. ലോ കോളേജിൽ കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിനെ തുടർന്ന് വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം. പൊലീസ് ലാത്തി വീശി ഇരുകൂട്ടരെയും ഓടിച്ചു. ഇന്നലെ വൈകിട്ട് ആറര മണിയോടെയായിരുന്നു സംഭവം. കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ വൈസ് ചെയർമാനുൾപ്പെടെ നാല് സീറ്റുകളിലേക്ക് കെ.എസ്.യു പ്രതിനിധികൾ വിജയിച്ചതിനെ തുടർന്നുള്ള ആഹ്ളാദ പ്രകടനമാണ് കെ.എസ്.യു- എസ്.എഫ്.ഐ ഏറ്റുമുട്ടലിന് ഇടയാക്കിയത്. സംഘർഷത്തിൽ ഇരുവിഭാഗത്തിലും പെട്ട ഏതാനും വിദ്യാർ‌ത്ഥികൾക്ക് നിസാര പരിക്കേറ്റു. കോളേജിലെയും പരിസരത്തെയും കൊടിമരങ്ങളും ബാനറുകളും നശിപ്പിച്ചു. സംഭവമറിഞ്ഞ് മ്യൂസിയം പൊലീസെത്തി ഇരുകൂട്ടരെയും ലാത്തിവീശി ഓടിച്ചതോടെയാണ് സ്ഥിതി ഗതികൾ നിയന്ത്രണവിധേയമായത്.